ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: വരാപ്പുഴയില്‍ ദേവസ്വംപാടം ഷേണായി പറമ്പില്‍ ശ്രീജിത്ത് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു മരിച്ച കേസിലെ പ്രതികളായ മൂന്നു റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) ഉദ്യോഗസ്ഥര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. പി പി സന്തോഷ്‌കുമാര്‍, ജിതിന്‍ ഷാജി, എം എസ് സുമേഷ് എന്നിവരാണു ജാമ്യാപേക്ഷ നല്‍കിയത്.
വാസുദേവന്‍ എന്നയാള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടു വരാപ്പുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത വധശ്രമവും ആത്മഹത്യാ പ്രേരണക്കുറ്റവും അടങ്ങുന്ന കേസിലെ 12ാം പ്രതിയായിരുന്നു കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തെന്നു ഹരജിയില്‍ പറയുന്നു. പ്രതിയെ കണ്ടെത്തിയ ശേഷം സിഐയെ വിളിച്ചറിയിച്ചു. വീട്ടുമുറ്റത്ത് ഇറക്കിനിര്‍ത്തിയിരുന്ന ശ്രീജിത്തിനെ നാട്ടുകാരുടെ സാന്നിധ്യത്തിലാണു പോലിസ് ജീപ്പിലേക്ക് കയറ്റിയത്. അറസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനകം തങ്ങള്‍ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. ശ്രീജിത്തിനെ തങ്ങള്‍ മര്‍ദിച്ചിട്ടില്ല. സംഭവം കസ്റ്റഡി മരണമാക്കി മാറ്റാന്‍ അനാവശ്യമായാണു തങ്ങളെ അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്കെതിരേ ഒരു പരാതിയും ആശുപത്രി അധികൃതരുള്‍പ്പെടെ പറഞ്ഞിട്ടില്ല. ഏപ്രില്‍ 18 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it