ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലിസ് അന്വേഷിക്കുന്നത് ഉചിതമല്ല: ഹൈക്കോടതി

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മര്‍ദനമേറ്റു മരിച്ചെന്ന കേസ് പോലിസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നു ഹൈക്കോടതി. പശ്ചിമ ബംഗാള്‍ സര്‍ക്കാരും കമ്മിറ്റി ഓഫ് പ്രൊട്ടക് ഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റൈറ്റ്‌സും തമ്മില്‍ നടന്ന കേസില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് 2010ല്‍ പുറപ്പെടുവിച്ച ഉത്തരവ് ഹരജിക്കാരിയായ ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണു സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ട്. ജില്ലാ പോലിസ് മേധാവി വരെ ആരോപണ വിധേയനാണെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം നല്ല രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നത് എന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ വാദിച്ചു. കേസില്‍ ഇതുവരെ നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു ഹരജിയില്‍ സിബിഐയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും മറ്റു എതിര്‍കക്ഷികളുടെയും നിലപാട് കോടതി തേടി. ഹരജി അടുത്തമാസം നാലിനു വീണ്ടും പരിഗണിക്കും. അന്വേഷണം ഫലപ്രദമല്ലെന്നും പോലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ചതിനാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അഖില ഹരജി നല്‍കിയത്.
ഏപ്രില്‍ ആറിനു രാത്രി പത്തരയോടെ വീട്ടില്‍ നിന്നു ശ്രീജിത്തിനെ പോലിസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് ഹരജിയില്‍ പറയുന്നു. സഹോദരനെയും പോലിസ് പിടികൂടിയിരുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോഴും കസ്റ്റഡിയിലായിരുന്ന മുഴുവന്‍ സമയവും പോലിസിന്റെ ക്രൂരമര്‍ദനത്തിനു ശ്രീജിത്ത് ഇരയായിട്ടുള്ളതായി ശക്തമായ സാക്ഷിമൊഴികളുണ്ട്.
ഏപ്രില്‍ ഒമ്പതിനാണു ശ്രീജിത്ത് ആശുപത്രിയില്‍ മരിക്കുന്നത്. പോലിസ് കസ്റ്റഡിയിലായിരിക്കെ അടിവയറിനേറ്റ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ക്ഷതമാണ് മരണത്തിനു കാരണമെന്നു മെഡിക്കല്‍ റിപോര്‍ട്ടുണ്ടെന്നും ഹരജി പറയുന്നു.
Next Story

RELATED STORIES

Share it