ശുഹൈബ്, മധു, സഫീര്‍ കൊലപാതകംമൂന്നാംദിനവും സഭ സ്തംഭിച്ചു

തിരുവനന്തപുരം: ശുഹൈബിന്റെയും മധുവിന്റെയും സഫീറിന്റെയും കൊലപാതകത്തിനെതിരായ പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ മൂന്നാംദിനവും നിയമസഭ സ്തംഭിച്ചു. പ്രതിഷേധം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തേ പിരിഞ്ഞു. ഇന്നലെ രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവും തുടങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ചോദ്യോത്തരവേള നിര്‍ത്തിവച്ച് ശുഹൈബ് വധം, മണ്ണാര്‍ക്കാട് കൊലപാതകം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നതായും ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശൂന്യവേളയില്‍ അവസരമുണ്ടെന്നും ചോദ്യോത്തരവേളയോട് സഹകരിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ ചെന്നിത്തല, ചോദ്യോത്തരവേള അവസാനിക്കുന്നതു വരെ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുന്നതായി വ്യക്തമാക്കി. തുടര്‍ന്ന് ശൂന്യവേളയില്‍ മധുവിന്റെയും സഫീറിന്റെയും കൊലപാതകം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തു നിന്ന് എന്‍ ഷംസുദ്ദീന്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മധുവിന്റെ കൊലപാതകത്തില്‍ വനം, പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും അന്വേഷണപരിധിയില്‍ കൊണ്ടുവരണം. മണ്ണാര്‍ക്കാട് കൊലപാതകത്തിലെ പ്രതികള്‍ ഓടിപ്പോയത് സിപിഐ ഓഫിസിലേക്കാണ്. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു. വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റിപോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. സഫീറിന്റെ കൊലപാതകത്തില്‍ തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ പിടികൂടി. ആയുധവും കണ്ടെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. മധുവിന്റെ മരണത്തില്‍ പോലിസിന്റെ പങ്കും സംശയിക്കുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മധുവിന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കുന്നതിനൊപ്പം സഹോദരി ചന്ദ്രികയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മധുവിന് പോലിസ് മര്‍ദനമേറ്റെന്ന പ്രതിപക്ഷനേതാവിന്റെ വാദം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന്, വിഷയം ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഡയസിന് മുന്നില്‍ നിലയുറപ്പിച്ചതോടെ ശ്രദ്ധക്ഷണിക്കലും സബ്മിഷനും ധനാഭ്യര്‍ഥന ചര്‍ച്ചകളും ഒഴിവാക്കി സഭ പിരിയുകയായിരുന്നു. വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ഒ രാജഗോപാലും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സഫീറിന്റെ കൊലപാതകം നടത്തിയവര്‍ സിപിഐ പ്രവര്‍ത്തകരായ ഗുണ്ടാ സംഘമാണെന്ന് അടിയന്തര പ്രമേയത്തിനിടെ പ്രതിപക്ഷത്തുനിന്ന് എന്‍ ഷംസുദ്ദീന്‍ ആരോപിച്ചത് സിപിഐയെ ചൊടിപ്പിച്ചു. സിപിഐ തീറ്റിപ്പോറ്റുന്ന ഗുണ്ടകളാണ് സഫീറിനെ കൊലപ്പെടുത്തിയതെന്ന് ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടി. സിപിഐ ഒരു ഗുണ്ടകളെയും പോറ്റുന്നില്ലെന്ന് മന്ത്രി സുനില്‍കുമാറും വ്യക്തമാക്കി. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാട് സിപിഐ ഒരിക്കലും സ്വീകരിക്കില്ല. ഗുണ്ടകളെ ചേര്‍ത്ത് പാര്‍ട്ടി വലുതാക്കേണ്ട സാഹചര്യം സിപിഐക്കില്ല. കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കില്ല. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകം സിപിഐയുടെ തലയില്‍ കെട്ടിവയ്ക്കുകയാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും കൊലപാതകത്തില്‍ ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it