ശുഹൈബ് കുടുംബസഹായനിധി: 10 ഡിസിസികള്‍ തുക നല്‍കിയില്ല

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ മട്ടന്നൂര്‍ യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ് പി ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ കോണ്‍ഗ്രസ് സ്വരൂപിച്ച സഹായനിധിയിലേക്ക് തുക നല്‍കിയത് നാല് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ മാത്രം.
ശുഹൈബിന്റെ പ്രവര്‍ത്തനമണ്ഡലം ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ ജില്ലയ്ക്കു പുറമെ കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ഡിസിസികളാണു തുക കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനു കൈമാറിയത്. ഇതോടെ സംസ്ഥാനവ്യാപകമായി വന്‍ പ്രചാരണത്തിലൂടെ തുക സമാഹരിച്ചെന്ന കോണ്‍ഗ്രസ് വാദത്തിനൊപ്പം ഫണ്ടിനെ ചൊല്ലി വരുംദിവസങ്ങളില്‍ വിവാദങ്ങളുമുയരുമെന്നുറപ്പ്.
എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഫണ്ട് പിരിക്കാന്‍ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളായ ഉമ്മന്‍ചാണ്ടി, എം എം ഹസന്‍, രമേശ് ചെന്നിത്തല, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ നേരിട്ടെത്തിയാണ് ബക്കറ്റ് പിരിവ് നടത്തിയത്. ജില്ലയിലെമ്പാടും പള്ളികളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചും തുക സമാഹരിച്ചിരുന്നു. എന്നാല്‍, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്ര പ്രഖ്യാപിക്കുകയും യാതയ്ക്കിടെ ഓരോ ബൂത്ത് കമ്മിറ്റിക്കും പ്രവര്‍ത്തനഫണ്ടിനുള്ള ക്വാട്ട നിശ്ചയിച്ചു നല്‍കുകയും ചെയ്തു. ഇതോടെ ഇതര ജില്ലാ കമ്മിറ്റികള്‍ ശുഹൈബ് കുടുംബസഹായ ഫണ്ട് പിരിവില്‍ നിന്നു പിന്‍മാറിയെന്നാണു സൂചന. ഇതു വരുംദിവസങ്ങളില്‍ പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുമെന്നുറപ്പ്.
ശുഹൈബ് കുടുംബ സഹായനിധിയിലേക്ക് ആകെ 91.5 ലക്ഷം രൂപയാണ് കോണ്‍ഗ്രസ് ശേഖരിച്ചത്. ഇതില്‍ 59.14 ലക്ഷവും കണ്ണൂര്‍ ഡിസിസി പിരിച്ചെടുത്തതാണ്. കോഴിക്കോട് ഡിസിസി 20 ലക്ഷവും തിരുവനന്തപുരം നാലു ലക്ഷവും മലപ്പുറം 1.36 ലക്ഷം രൂപയും നല്‍കി. ഇതിനു പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അഞ്ചുലക്ഷം രൂപയും കണ്ണൂര്‍ ഡിസിസിക്ക് കൈമാറി. കുടുംബസഹായ ഫണ്ട് കണ്ണൂരില്‍ ശുഹൈബിന്റെ കുടുംബത്തിന് ഇന്നലെ എഐസിസി പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണിയാണു കൈമാറിയത്. ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ ശുഹൈബിനൊപ്പം പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് നൗഷാദിനും ഒരു ലക്ഷം നിയാസിനും നല്‍കും. ബാക്കിയുള്ള 85 ലക്ഷം രൂപയില്‍ 65 ലക്ഷമാണു കൈമാറിയത്. കോഴിക്കോട് ഡിസിസി സമാഹരിച്ച 20 ലക്ഷം രൂപ അടുത്തദിവസം കൈമാറുമെന്നാണു വിവരം. ശുഹൈബിന്റെ പിതാവിന്റെയും മാതാവിന്റെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുക.
Next Story

RELATED STORIES

Share it