wayanad local

ശുദ്ധജല വിതരണ പൈപ്പ് ഓടയില്‍ സ്ഥാപിച്ചു



മാനന്തവാടി: മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന ഓടയിലൂടെ ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിച്ചു. പൈപ്പ് പൊട്ടി വെള്ളത്തില്‍ മാലിന്യം കലര്‍ന്നാല്‍ മാരഗരോഗങ്ങള്‍ പടരാന്‍ സാധ്യത. ടൗണില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്ലബ്ബ്കുന്നിലേക്ക് കുടിവെള്ളം വിതരണം ചെയ്യാനായി സ്ഥാപിച്ച പൈപ്പുകളാണ് ഓടയില്‍ കുഴിച്ചിട്ടത്. ക്ലബ്ബ്കുന്നിന്റെ മുകള്‍ഭാഗത്ത് നിന്നു ഓടയിലൂടെ ഒഴുകിവന്ന മലിനജലം റോഡിലൂടെ പരന്നൊഴുകിയിരുന്നു. മാലിന്യം നിറഞ്ഞ് ഓട പൂര്‍ണമായി അടഞ്ഞുപോയതിനെ തുടര്‍ന്ന് റോഡിലൂടെ മലിനജലം ഒഴുകുന്നതു സംബന്ധിച്ച് ചുമട്ടുതൊഴിലാളികളും നാട്ടുകാരും വ്യാപാരികളും പരാതിയുമായെത്തിയതിനെ തുടര്‍ന്നാണ് മാനന്തവാടി മുനിസിപ്പാലിറ്റി അധികൃതര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ടൗണ്‍ഹാള്‍ റോഡിലെ ഓടയിലെ മാലിന്യം നീക്കിയപ്പോയാണ് ശുദ്ധജല വിതരണ പൈപ്പ് കണ്ടെത്തിയത്. രണ്ടര ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിനായി ഡ്രെയിനേജില്‍ സ്ഥാപിച്ചത്. ക്ലബ്ബ്കുന്നിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്കും ടൗണ്‍ഹാളിനും മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ശുദ്ധജലം പിവിസി പൈപ്പ് വഴിയാണ് ലഭ്യമാക്കുന്നത്. അലക്ഷ്യമായി ഓടയിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ശുദ്ധജല പൈപ്പ് സ്ഥാപിച്ചത്. പിവിസി പൈപ്പ് പൊട്ടിയാല്‍ മാലിന്യം കലര്‍ന്ന വെള്ളമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതു മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കും. ജില്ലാ ആശുപത്രിക്ക് സമീപത്തെ വീടുകളില്‍ കഴിഞ്ഞ ദിവസം ലഭിച്ച വെള്ളത്തില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയിരുന്നു. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ആസ്ബസ്‌റ്റോസ് ഷീറ്റിട്ട് പൈപ്പ് മൂടിയിരിക്കുകയാണിപ്പോള്‍.
Next Story

RELATED STORIES

Share it