wayanad local

ശുചിത്വപാഠങ്ങള്‍ ശീലിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്നു

കല്‍പ്പറ്റ: വരും തലമുറയ്ക്കായി ശുചിത്വ പാഠങ്ങള്‍ ശീലിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്നു. വിദ്യാര്‍ഥികളിലൂടെ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കുട്ടികളുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിച്ച് മാലിന്യ സംസ്‌കരണത്തിന്റെ പ്രസക്തി സമൂഹത്തിലെത്തിക്കുകയാണ് 'വരും തലമുറയ്ക്കായി ശീലിക്കൂ' എന്ന ഏകദിന ശില്‍പശാല. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്‌കരണത്തിലും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി ഇടപെടുന്ന 30 സ്‌കൂളുകളില്‍ നിന്നെത്തിയ അധ്യാപകരും രണ്ടു വിദ്യാര്‍ഥികളും എന്ന അനുപാതത്തില്‍ 80ഓളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിലൂടെ അതാതു വിദ്യാലയങ്ങളില്‍ അവരുടെ കഴിവും വിഭവശേഷിയും ഉപയോഗിച്ച് നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശുചിത്വമിഷന്‍ സാഹചര്യമൊരുക്കുന്നത്. ഇത്തരം പരിപാടികളില്‍ സ്‌കൂളുകളിലെ മറ്റ് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സമൂഹത്തിലും വിദ്യാര്‍ഥികളിലും ശുചിത്വ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ജൈവ-രാസ-പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ധാരണയില്ലാത്തതാണ് ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാക്കുന്നതെന്ന ശുചിത്വമിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റ്‌സ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ഇക്കോ ക്ലബ്ബ് എന്നിവയുടെ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിയാണ് സ്‌കൂളുകളെ തിരഞ്ഞെടുത്തത്. ഇവര്‍ക്ക് മാലിന്യം തരംതിരിച്ച് സംസ്‌കരണം നടത്തുന്നതിനുള്ള ആദ്യഘട്ട പരിശീലനം നല്‍കും.
എല്‍പി, യുപി, വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെയും മറ്റ് കുട്ടികളുടെയും ഏകോപനത്തോടെ അതാതു സ്‌കൂളുകളില്‍ നടപ്പാക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളും വകുപ്പ് വിശദമാക്കി. ജനപ്രതിനിധികള്‍, ഭരണകര്‍ത്താകള്‍ എന്നിവര്‍ക്ക് കത്തയക്കല്‍, പത്രവാര്‍ത്താ ശേഖരണം, പുനരുപയോഗങ്ങളുടെ പ്രോല്‍സാഹനം, ചുമര്‍-കാന്‍വാസ് ചിത്രരചന, തുടങ്ങിയവയും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ളവര്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം, ജൈവകൃഷി പ്രോല്‍സാഹന പ്രവര്‍ത്തനങ്ങള്‍, ഉറവിടമാലിന്യ സംസ്‌കരണത്തിനുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍, സന്ദേശയാത്ര- ബോധവല്‍ക്കരണ പരിപാടികള്‍, മാലിന്യ സംസ്‌കരണത്തിനുള്ള നൂതന മാര്‍ഗങ്ങള്‍, ശുചിത്വനിധി ശേഖരണം, ശുചിത്വ വോളന്റിയര്‍ രൂപികരണം, റീയൂസ് ആന്റ് റീസൈക്കിള്‍ കാംപയിന്‍ തുടങ്ങീയ പ്രവര്‍ത്തനങ്ങളും നടപ്പാക്കാം.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അധ്യക്ഷയായ പരിപാടിയില്‍ ഗ്രാമവികസന വകുപ്പ് ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ സി വി ജോയ് മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്റ്റ് ഡയറക്ടര്‍ പി ജി വിജയകുമാര്‍, ഡിഡിഇ രാഘവന്‍, എഡിസിപി കെ ജി അനില്‍, എം ടി മാളുക്കുട്ടി, എം ജെ ജോസഫ്, നാരായണന്‍, വി എം ബാലകൃഷ്ണന്‍, കെ അനൂപ് സംസാരിച്ചു.
Next Story

RELATED STORIES

Share it