Flash News

ശിക്ഷ പിന്‍വലിക്കണമെന്ന് ജസ്റ്റിസ് കര്‍ണന്‍



സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. തമിഴ്‌നാട്ടില്‍നിന്നുള്ള അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് കര്‍ണനു വേണ്ടി ഹരജി നല്‍കിയത്. ഇന്നലെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുത്ത്വലാഖുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാനിരിക്കെയാണ് ജസ്റ്റിസ് കര്‍ണനെതിരായ വിധി റദ്ദാക്കണമെന്ന ആവശ്യം മാത്യു നെടുമ്പാറ സൂചിപ്പിച്ചത്. ആവശ്യം പരിഗണിക്കാമെന്നും കര്‍ണന്‍ താങ്കളെ വക്കാലത്ത് ഏല്‍പിച്ചതായി തെളിയിക്കുന്ന രേഖ സമര്‍പ്പിക്കൂവെന്നും മാത്യു നെടുമ്പാറയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഈ സമയം നോട്ടറി രേഖകള്‍ ചീഫ് ജസ്റ്റിസിനെ കാണിച്ച അഭിഭാഷകന്‍, സുപ്രിംകോടതിയിലെ 12 അഭിഭാഷകര്‍ കര്‍ണനു വേണ്ടി ഹാജരാവാന്‍ വിസമ്മതിച്ച കാര്യവും അറിയിച്ചു. ഇപ്പോള്‍ കര്‍ണന്‍ എവിടെയുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, അടുത്ത ദിവസം വരെ ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്നുവെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഭരണഘടനയുടെ 32ാം വകുപ്പു പ്രകാരമാണ് കര്‍ണനെതിരായ ചൊവ്വാഴ്ചത്തെ ഉത്തരവ് റദ്ദാക്കാന്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാത്യു വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിച്ചല്ല സുപ്രിംകോടതി ഉത്തരവ്. അറസ്റ്റ് ഒഴിവാക്കാനായി ജസ്റ്റിസ് കര്‍ണന്‍ ഒളിച്ചുകഴിയുകയാണെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ കര്‍ണന് നിലവില്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരം നിയമപരിരക്ഷയുണ്ട്. അതിനാല്‍ ഒളിച്ചുകഴിയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മാത്യു നെടുമ്പാറയെ കര്‍ണന്‍ വക്കാലത്ത് ഏല്‍പിച്ചിട്ടില്ലെന്ന് കര്‍ണന്റെ സുഹൃത്തായ മറ്റൊരു അഭിഭാഷകന്‍ പീറ്റര്‍ രമേശ്കുമാര്‍ പറഞ്ഞു.അതിനിടെ, ജ. കര്‍ണന്‍ ബുധനാഴ്ച തന്നെ ഇന്ത്യ വിട്ടതായി അദ്ദേഹത്തിന്റെ നിയമോപദേശകന്‍ ഇന്നലെ പോലിസിനെ അറിയിച്ചു. ചൊവ്വാഴ്ചയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ച് കര്‍ണനെ ആറുമാസം തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ പശ്ചിമബംഗാള്‍ ഡിജിപിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം കോടതിയുത്തരവ് നടപ്പാക്കാനായി ബംഗാള്‍ പോലിസ് കര്‍ണന്റെ ചെന്നൈയിലെ വസതിയിലും ഗസ്റ്റ് ഹൗസിലും എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.
Next Story

RELATED STORIES

Share it