kannur local

ശാസ്ത്ര കൗതുകങ്ങളുമായി സയന്‍സ് എക്‌സ്പ്രസ്



കണ്ണൂര്‍: വിവിധ ശാസ്ത്ര മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകവും അറിവും പകരാന്‍ ജൂലൈ 8, 9, 10 തിയ്യതികളില്‍ സയന്‍സ് എക്‌സ്പ്രസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് ഡല്‍ഹിയില്‍ നിന്ന് പ്രയാണമാരംഭിച്ച സയന്‍സ് എക്‌സ്പ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പര്യടനത്തിനു ശേഷമാണ് കണ്ണൂരിലെത്തുന്നത്. 16 ശീതീകരിച്ച കോച്ചുകളിലായി ഒരുക്കിയ പ്രദര്‍ശനമടങ്ങിയ ട്രെയിന്‍ 19000 കിലോമീറ്റര്‍ സഞ്ചരിച്ച് രാജ്യത്തെ 68 കേന്ദ്രങ്ങളിലാണ് ഇത്തവണ പര്യടനം നടത്തുക. കാലാവസ്ഥാ വ്യതിയാനവും ശാസ്ത്രസാങ്കേതിക വിദ്യയും എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള എക്‌സ്പ്രസിന്റെ ഒമ്പതാമത് എഡിഷനില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങ ള്‍, ഇതില്‍ മനുഷ്യരുടെ പങ്ക്, ശാസ്ത്രീയ വശങ്ങള്‍, അനന്തരഫലം, ലഘൂകരിക്കാനുള്ള വഴികള്‍, ഭാവിയിലേക്കുള്ള കര്‍മ പദ്ധതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ട് കോച്ചുകളിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഈ കോച്ചുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കേന്ദ്ര ജൈവ സാങ്കേതിക വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവ ഒരുക്കിയ കോച്ചുകളില്‍ വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പരിസ്ഥിതി-ശാസ്ത്ര-ഗണിത കൗതുകങ്ങള്‍, വിനോദ-വിജ്ഞാന പരിപാടികള്‍, പരീക്ഷണ ശാലകള്‍ തുടങ്ങിയവയാണുള്ളത്. അഹമ്മദാബാദിലെ വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററാണ് സയന്‍സ് എക്‌സ്പ്രസിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഓരോ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രദര്‍ശനം. വിദ്യാര്‍ഥികളുമായി എക്‌സ്പ്രസ് സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍ 94284 05407, 9428405408 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. രജിസ്റ്റര്‍ ചെയ്യാതെയും പ്രദര്‍ശനം കാണാനെത്താവുന്നതാണ്. പ്രവേശനം തികച്ചും സൗജന്യമാണ്.
Next Story

RELATED STORIES

Share it