ശസ്ത്രക്രിയക്ക് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

അടൂര്‍: കൈക്കൂലി നല്‍കാത്തതിനാല്‍ അപകടത്തില്‍പ്പെട്ട യുവാവിന് ചികില്‍സ നിഷേധിച്ച ഡോക്ടര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ കൊന്നമങ്കര സ്‌നേഹം വീട്ടില്‍ ജീവ് ജസ്റ്റസിനെയാണു പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി പി ഡി ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഡോക്ടറെ ഇന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 23ന് പന്തളത്ത് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ പന്തളം മങ്ങാരം രാജ്ഭവനില്‍ ശോഭനകുമാരിയുടെ മകന്‍ രാജ്കുമാറിന് ശസ്ത്രക്രിയ ചെയ്യാന്‍ പണം ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. രാജ്കുമാര്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ എത്തുകയും 25നു ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ—ക്കുശേഷം വീട്ടില്‍ വന്നു തന്നെ കാണണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിയായ ശോഭനകുമാരി ഡോക്ടറുടെ വീട്ടിലെത്തിയപ്പോള്‍ 4,000 രൂപ ആവശ്യപ്പെട്ടതായാണു പരാതി. 2000 രൂപ നല്‍കിയപ്പോള്‍ ഇതു പോരെന്നു പറഞ്ഞ് പണമെടുത്ത് എറിഞ്ഞു. മാത്രമല്ല, രാജ്കുമാറിന് താടിയെല്ലിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. പണം നല്‍കാത്തതിനാല്‍ തുടര്‍ചികില്‍സയ്ക്ക് ഡോക്ടര്‍ തയ്യാറാവാതെ വന്നതോടെ ശോഭനകുമാരി വിജിലന്‍സില്‍ പരാതി നല്‍കി.  തുടര്‍ന്ന് വിജിലന്‍സ് സംഘം വൈകീട്ട് നാലരയോടെ ജീവ് ജസ്റ്റിസ് സ്വകാര്യ പ്രാക്റ്റീസ് ചെയ്യുന്ന സ്ഥലത്തെത്തി. ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് ഡോക്ടര്‍ക്ക് നല്‍കാന്‍ വിജിലന്‍സ് ശോഭനകുമാരിയെ ഏല്‍പ്പിച്ചു. 2000 രൂപയുടെ രണ്ട് നോട്ടുകള്‍ ശോഭനകുമാരി ഡോക്ടര്‍ക്ക് നല്‍കിയപ്പോള്‍ മേശപ്പുറത്തു വയ്ക്കാനായിരുന്നു നിര്‍ദേശം. നോട്ട് മേശപ്പുറത്തു വച്ചശേഷം ശോഭനകുമാരി പുറത്തിറങ്ങിയതോടെ വിജിലന്‍സ് ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  വിജിലന്‍സ് ഡിവൈഎസ്പി പി ഡി ശശി, ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇസ്മായില്‍, സിപിഒ ജയകൃഷ്ണന്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it