Flash News

ശശിക്കെതിരായ പരാതിയില്‍ സിപിഎമ്മില്‍ ഭിന്നത

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗികപീഡന പരാതിയെച്ചൊല്ലി സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നത. സംഭവത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനു വിപരീതമാണ് ഒരുപക്ഷം. എംഎല്‍എയ്ക്ക് എതിരായ പരാതി ലഭിച്ചുവെന്നു യെച്ചൂരി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പരാതി ലഭിച്ചുവെന്ന് ഉറപ്പിക്കാത്ത വിധമാണു വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇന്നലെ വാര്‍ത്താക്കുറിപ്പിറക്കിയത്. പരാതി ലഭിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചതിലുള്ള അതൃപ്തി പാര്‍ട്ടിയിലെ ഒരു വിഭാഗം യെച്ചൂരിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു ജനപ്രതിനിധിക്കെതിരായ പരാതിയില്‍ സിപിഎം കേന്ദ്രനേതൃത്വം ഇടപെടുകയും നടപടിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഇന്നലെ പിബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പാര്‍ട്ടി കേന്ദ്രനേതൃത്വം ഇത്തരത്തിലുള്ള ഒരിടപെടലും നടത്തിയിട്ടില്ല. പരാതിയില്‍ അതിന്റെ നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി അന്വേഷണം നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം പീഡന പരാതിയെക്കുറിച്ച് അറിവില്ലെന്നാണു പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. എംഎല്‍എയ്‌ക്കെതിരേ ആഗസ്ത് 14നു പോളിറ്റ് ബ്യൂറോയിലെ വനിതാ അംഗം ബൃന്ദാ കാരാട്ടിനും സംസ്ഥാന സെക്രട്ടറിക്കും പ്രമുഖ നേതാക്കള്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തക നല്‍കിയെന്നായിരുന്നു വിവരം. എംഎല്‍എയ്‌ക്കെതിരായ പരാതി വൃന്ദ കാരാട്ട് മുക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു കേരളത്തില്‍ നിന്നുള്ള ഒരു പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നാണ് ബൃന്ദ കാരാട്ട് ഇന്നലെ പറഞ്ഞത്.വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു പരാതി നേരത്തെ ലഭിച്ചിരുന്നു. അക്കൂട്ടത്തില്‍ ബൃന്ദയ്ക്കും പരാതി നല്‍കിയിരുന്നോ എന്ന കാര്യം അറിയില്ല. പക്ഷേ, സംസ്ഥാന ഘടകം പാര്‍ട്ടിയുടെ ആഭ്യന്തര തലത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഇത്തരം പരാതികള്‍ ഒതുക്കിവയ്ക്കുന്നത് പാര്‍ട്ടിയുടെ രീതിയല്ലെന്നും പിബി അംഗം പറഞ്ഞു.
Next Story

RELATED STORIES

Share it