ശബരിമല: ബിജെപിയെ വെല്ലുവിളിച്ച് കൊടിക്കുന്നില്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിക്കെതിരേ ലോങ്മാര്‍ച്ച് നടത്തിയ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തയ്യാറാണോയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെപ്പോലെ കേന്ദ്രസര്‍ക്കാരും പ്രതിക്കൂട്ടിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ നിലപാടുകളാണ് ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരായി സുപ്രിംകോടതിയില്‍ നിന്നു വിധിയുണ്ടാവാന്‍ കാരണം. കേന്ദ്രസര്‍ക്കാരിനു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കേന്ദ്രസര്‍ക്കാരിനു വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധിയോടാണ് തനിക്കു യോജിപ്പെന്ന് കെ കെ വേണുഗോപാല്‍ വ്യക്തമാക്കിയതോടെ കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളി വെളിച്ചത്തുവന്നു.
ശബരിമലയെ കലാപഭൂമിയാക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ഒരേ നിലപാട് സ്വീകരിച്ചതിന്റെ പരിണിതഫലമായിട്ടാണ് സുപ്രിംകോടതിയില്‍ നിന്നു സ്ത്രീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പന്തളത്ത് നിന്നു തിരുവനന്തപുരത്തേക്ക് നയിച്ചത് ലോങ്മാര്‍ച്ച് അല്ലായിരുന്നുവെന്നും വിശ്വാസികളുടെ കണ്ണില്‍പൊടിയിടാനുള്ള ചെപ്പടിവിദ്യയായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it