Kottayam Local

ശബരിമല പാതയായ കല്ലിടാംകുന്നില്‍ പുലിയിറങ്ങി; വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ചു



കണമല: ശബരിമല യാത്രയില്‍ ശബരിമല തീര്‍ത്ഥാടകര്‍ പാപമോക്ഷം തേടി കല്ലിടുന്ന കല്ലിടാംകുന്നില്‍ പുലിയുടെ സാന്നിധ്യം. വനം വകുപ്പിന്റെ കാമറയിലാണ് കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യങ്ങള്‍ തെളിഞ്ഞത്. ഇതോടൊപ്പം കടുവകളുണ്ടോയെന്ന് അറിയാനായി 96 കാമറകള്‍ ഇന്നലെ വനത്തില്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചെന്ന് വനം വകുപ്പ് അറിയിച്ചു. മുന്‍ വര്‍ഷം കാമറകളുടെ സഹായത്തോടെ നടത്തിയ കണക്കെടുപ്പില്‍ പമ്പാ റെയിഞ്ചിലെ ശബരിമല കാനനപാത ഉള്‍പ്പെട്ട വനത്തില്‍ ആറു കടുവകളുണ്ടെന്നു കണ്ടെത്തിയിരുന്നു. അതേസമയം പുലിയുടെ ദൃശ്യങ്ങളില്ലായിരുന്നു. പെരിയാര്‍ കടുവ സങ്കേതമാണ് ഈ വന പ്രദേശം. ശബരിമല ഇടത്താവളമായ അഴുതക്കടവിലെ നടപ്പാലം കഴിഞ്ഞാണ് കടുവ സങ്കേത സംരക്ഷിത വനം ആരംഭിക്കുന്നത്.തീര്‍ത്ഥാടകര്‍ അഴുതയിലെ നടപ്പാലം കടന്നു തുടരുന്ന കാനനയാത്ര ഇതുവഴിയാണ് കടന്നുപോവുന്നത്. ഈ കുന്നിലാണ് പുലിയുടെ സാന്നിധ്യം വനംവകുപ്പിന്റെ കാമറയില്‍ തെളിഞ്ഞത്. ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അതേസമയം ഇക്കാര്യത്തില്‍ ഒട്ടും ആശങ്ക വേണ്ടെന്ന് വനം വകുപ്പ് പറയുന്നു. തീര്‍ത്ഥാടക സഞ്ചാരം ആരംഭിക്കുന്നതോടെ മൃഗങ്ങള്‍ ഉള്‍വലിയും. മനുഷ്യ സാന്നിധ്യം ഒഴിയുമ്പോഴാണ് ഉള്‍വനത്തില്‍ നിന്ന് മൃഗങ്ങള്‍ കാടിറങ്ങുക. മുന്‍കാല തീര്‍ത്ഥാടന നാളുകളില്‍ ആനയൊഴികെ മറ്റ് വന്യമൃഗങ്ങളുടെ സാന്നിധ്യം ലഭ്യമായിട്ടില്ലെന്ന് പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പറഞ്ഞു. കഴിഞ്ഞയിടെ ശബരിമല സന്നിധാനത്തും പമ്പാ നിലയ്ക്കല്‍ പാതയിലും പുലികളെ കണ്ടിരുന്നു. 45 ദിവസങ്ങള്‍ക്ക് ശേഷമാണ് കാമറകളിലെ ചിത്രങ്ങള്‍ ശേഖരിക്കുക. ഇതോടെ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് മൃഗങ്ങളുടെ കണക്കെടുപ്പ് നടത്താം. പുലി, കടുവ, ആന ഉള്‍പ്പെടെ വന്യജീവികള്‍ പമ്പ റേഞ്ചിലെ വനത്തില്‍ എത്രയെണ്ണമുണ്ടെന്ന് ഇതോടെ വ്യക്തമാവും.

Next Story

RELATED STORIES

Share it