Flash News

ശബരിമല തീര്‍ത്ഥാടനം : കെഎസ്ആര്‍ടിസി മറ്റ് ഡിപ്പോകളെ ആശ്രയിക്കും



തിരുവനന്തപുരം: ശബരിമല മണ്ഡലകാല-മകരവിളക്ക് മഹോല്‍സത്തിനു മുന്നോടിയായി പുതിയ ബസ്സുകള്‍ നിരത്തിലിറക്കാതെ മറ്റു ഡിപ്പോകളിലെ ബസ്സുകളെ ആശ്രയിക്കാന്‍ കെഎസ്ആര്‍ടിസി.തീര്‍ത്ഥാടനത്തിനായി മുന്‍കാലങ്ങളില്‍ പുതിയ ബസ്സുകള്‍ ഇറക്കിയിരുന്ന പതിവ് ഇക്കുറി മുടങ്ങിയതോടെ വരുംദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം താളംതെറ്റുമെന്നാണ് ആക്ഷേപം. മറ്റു ഡിപ്പോകളില്‍ നിന്നു കൂടുതല്‍ ഷെഡ്യൂളുകള്‍ റദ്ദാക്കി പമ്പയിലേക്ക് ബസ്സുകള്‍ കണ്ടെത്തേണ്ടിവരുമെന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുക. ഷെഡ്യൂളുകള്‍ വ്യാപകമായി റദ്ദാക്കേണ്ടിവരുമെന്നതിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ യാത്രാദുരിതം വര്‍ധിക്കും. എന്നാല്‍, വിവിധ വര്‍ക്‌ഷോപ്പുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 750ഓളം ബസ്സുകളുണ്ടായിട്ടും തകരാര്‍ പരിഹരിച്ചു നിരത്തിലിറക്കാന്‍ കോര്‍പറേഷന്‍ നടപടികള്‍ സ്വീകരിക്കാത്തത് വിമര്‍ശനവിധേയമായിട്ടുണ്ട്. മുന്‍കാലങ്ങളില്‍ മണ്ഡലകാലത്തിനു മുന്നോടിയായി കെഎസ്ആര്‍ടിസി നൂറിലധികം ബസ്സുകള്‍ പുതുതായി റോഡിലിറക്കി പമ്പ സര്‍വീസ് നടത്തിയിരുന്നു. ശബരിമല സീസണ്‍ കഴിയുന്നതോടെ ഈ ബസ്സുകള്‍ വിവിധ ഡിപ്പോകള്‍ക്ക് നല്‍കുകയായിരുന്നു പതിവ്.  എന്നാല്‍, ശബരിമല സീസണിനു രണ്ടാഴ്ച മാത്രം അവശേഷിക്കെ, പുതിയ ബസ്സുകള്‍ വാങ്ങാനുള്ള നടപടികള്‍ എങ്ങുമെത്താതെ വന്നതോടെ പമ്പയിലേക്ക് സര്‍വീസ് നടത്താനുള്ള മുഴുവന്‍ ബസ്സുകളും മറ്റു ഡിപ്പോകളില്‍ നിന്നു കണ്ടെത്താനാണ് തീരുമാനം. ആദ്യഘട്ടമായി 156 ബസ്സുകള്‍ വിവിധ ഡിപ്പോകളില്‍ നിന്നു കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉത്തരവിറക്കി.
Next Story

RELATED STORIES

Share it