Idukki local

ശബരിമല തീര്‍ത്ഥാടകര്‍ക്കു സുരക്ഷിത യാത്ര ഉറപ്പാക്കും



തൊടുപുഴ: ശബരിമല തീര്‍ഥാടകര്‍ക്കു സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. ഈ വര്‍ഷവും സേഫ് സോണ്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനാണ് തീരുമാനം. മുന്‍വര്‍ഷങ്ങളിലെ സേഫ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ മൂലം തീര്‍ഥാടന പാതകളിലെ അപകടനിരക്കു ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷവും സേഫ് സോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിക്കുന്നത്. തീര്‍ഥാടകരുടെ തിരക്കു വര്‍ധിക്കുന്നതോടെ കുട്ടിക്കാനം–കമ്പംമെട്ട്, വണ്ടിപ്പെരിയാര്‍–സത്രം എന്നീ പാതകളിലേക്കും പട്രോളിങ് വ്യാപിപ്പിക്കും.  അപകടസാധ്യതയേറിയ കുട്ടിക്കാനം മുതല്‍ മുണ്ടക്കയം വരെയുള്ള 20 കിലോമീറ്റര്‍ റോഡില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ രണ്ടു സ്‌ക്വാഡുകളാണു പട്രോളിങ് നടത്തുക. പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സബ് കണ്‍ട്രോള്‍ റൂം 16നു കുട്ടിക്കാനത്തു പ്രവര്‍ത്തനമാരംഭിക്കും. ശബരിമല സീസണിലെ റോഡപകടങ്ങള്‍ കുറയ്ക്കുക, തീര്‍ഥാടകരുടെ വാഹനങ്ങള്‍ തകരാറിലായാല്‍ പെട്ടെന്നുതന്നെ സഹായമെത്തിക്കുക, ഗതാഗതക്കുരുക്ക് ഉണ്ടാകാതെ ശ്രദ്ധിക്കുക, അപകടമുണ്ടായാല്‍ അടിയന്തരമായി രക്ഷാപ്രവര്‍ത്തനവും പ്രഥമ ശുശ്രൂക്ഷയും ലഭ്യമാക്കുക, റോഡിനെക്കുറിച്ചും ട്രാഫിക്കിനെ സംബന്ധിച്ചും ഡ്രൈവര്‍മാര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്കു യാത്രകളില്‍ വേണ്ട എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ജിപിഎസ് സഹായത്തോടെ പട്രോളിങ് വാഹനങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കാനുള്ള സംവിധാനവും മോട്ടോര്‍ വാഹനവകുപ്പ് സുരക്ഷയ്ക്കായി ഉപയോഗിക്കും. റോഡുകളില്‍ ദിശാസൂചകങ്ങളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്.
Next Story

RELATED STORIES

Share it