Kottayam Local

ശബരിമല ഇടത്താവളങ്ങളുടെ വികസനം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും



കോട്ടയം: ശബരിമല ഇടത്താവളങ്ങളുടെ വികസനം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സീസണ്‍ കഴിഞ്ഞാ ല്‍ പൊതുസമൂഹത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന വിധം 37 ഇടത്താവളങ്ങളാണ് ഇത്തരത്തില്‍ ക്രമീകരിക്കുന്നത്. ശബരിമല മണ്ഡല ഉല്‍സവ കാലത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ ഏറ്റുമാനൂരിലെ സൗകര്യങ്ങളും വികസനവും ചര്‍ച്ച ചെയ്യുന്നതിന് ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 കോടി രൂപയോളം ചെലവഴിച്ചാണ് ഓരോ ഇടത്താവളത്തിനും ഭൗതിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകും വിധത്തിലാണ് പരിഷ്‌കരണ നടപടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏറ്റുമാനൂരിലെ ദീര്‍ഘനാളത്തെ ആവശ്യമായ ടോയ്‌ലെറ്റ് കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അടുത്ത തീര്‍ത്ഥാടന കാലത്തോടെ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ഒന്നേകാല്‍ കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജിഎസ്ടി മൂലം കോണ്‍ട്രാക്ട് വര്‍ക്കുകളില്‍ നേരിട്ട പ്രതിസന്ധിയാണ് നിര്‍മാണ പ്രവര്‍ത്തനം നീണ്ടുപോകുന്നതിന് ഇടയാക്കിയത്. സീസണിലെ തിരക്ക് പരിഗണിച്ച് 10 താല്‍ക്കാലിക ബയോ ടോയ്‌ലെറ്റുകള്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കും. ഇടത്താവള നിര്‍മാണം സാധ്യമാക്കുന്നതിന് ദേവസ്വം വകുപ്പ് താല്‍ക്കാലികമായി ഇലക്ഷന്‍ കമ്മീഷന് നല്‍കിയിരിക്കുന്ന സ്ഥലം ഉപയുക്തമാക്കുന്നത് സംബന്ധിച്ച് റവന്യു, ദേവസ്വം വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. മാലിന്യപ്രശ്‌നപരിഹാരമെന്ന നിലയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കേണ്ട വേസ്റ്റ് ബിന്നുകള്‍ ദേവസ്വം ബോര്‍ഡ് നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തണം. സീസണ്‍ പ്രമാണിച്ച് കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ശബരിമല സീസണ്‍ കാലത്ത് തീര്‍ത്ഥാടനത്തിനിടയില്‍ മരണമടഞ്ഞവരുടെ ഇന്‍ഷുറന്‍സ് തുക നല്‍കുന്നതില്‍ വരുന്ന കാലതാമസം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടി നല്‍കി. സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും തീര്‍ത്ഥാടനകാലത്ത് പവര്‍ ഷോര്‍ട്ടേജ് ഉണ്ടാകാതെ നോക്കുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. റോഡുകളിലെ സുരക്ഷാവരകളും ഹമ്പ് ലൈനുകളും തീര്‍ത്ഥാടനകാലം തുടങ്ങുന്നതിന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും പാര്‍ക്കിങ് സംവിധാനവും ക്രമസമാധാനവും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സീസണ്‍ ആരംഭിക്കുന്ന നവംബര്‍ 15 മുതല്‍ അവസാനിക്കുന്ന 2018 ജനുവരി 20വരെ ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്തും സമീപപ്രദേശങ്ങളിലും ആരോഗ്യപ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും  സേവനമുണ്ടായിരിക്കും. സീസണ്‍ ദിവസങ്ങളില്‍ ഒമ്പതു മുതല്‍  അഞ്ചുവരെ എമര്‍ജന്‍സി ക്ലിനിക് പ്രവര്‍ത്തനനിരതമായിരിക്കും. ക്ഷേത്രപരിസരത്തും പ്രദേശത്തുമുള്ള ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷനും ജീവനക്കാരുടെ വൈദ്യപരിശോധനയും ഉറപ്പ് വരുത്തും. 4 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും എക്‌സൈസിന്റെ നേതൃത്വത്തി ല്‍ പ്രവര്‍ത്തിക്കും. ജോസ് കെ മാണി എംപി, കെ സുരേഷ് കുറുപ്പ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജപ്രേമപ്രസാദ്, കലക്ടര്‍ ഡോ.ബി എസ് തിരുമേനി, ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീക്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it