ശബരിമല: അറസ്റ്റ് തുടരുന്നു; 600ഓളം പേര്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ പോലിസ് നടപടി തുടരുന്നു. ഇന്നലെ മാത്രം 700 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം 2,100 ആയി. ഹര്‍ത്താല്‍, വഴിതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരം റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലിസ് പുറത്തുവിട്ടിരുന്നു. പോലിസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജില്ലാ പോലിസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്. ഫേസ്ബുക്കില്‍ വ്യാജപ്രചാരണം നടത്തിയ കുറ്റത്തിനും നടപടി തുടരുകയാണ്. അറസ്റ്റിലായവരില്‍ 1,500 പേര്‍ക്ക് ഇതിനകം ജാമ്യം ലഭിച്ചു. 600ഓളം പേര്‍ റിമാന്‍ഡിലായി. പോലിസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസ്സുകളും മറ്റും തകര്‍ത്ത കേസില്‍ റിമാന്‍ഡിലായവര്‍ക്ക് ജാമ്യം കിട്ടണമെങ്കില്‍ 10,000 മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം.

Next Story

RELATED STORIES

Share it