ശക്തിമാന് കൃത്രിമക്കാലുകള്‍ അമേരിക്കയില്‍ നിന്ന്

ഡെറാഡൂണ്‍: ബിജെപി എംഎല്‍എ ഗണേഷ് ജോഷിയുടെ ആക്രമണത്തില്‍ കാല്‍ തകര്‍ന്ന പോലിസ് സേനയിലെ കുതിര ശക്തിമാന്‍ സുഖം പ്രാപിക്കുന്നതായി അധികൃതര്‍. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ് മുറിച്ചുമാറ്റേണ്ടിവന്ന കാലിനു പകരം അമേരിക്കയില്‍ നിന്നു കൊണ്ടുവന്ന കൃത്രിമക്കാലാണ് ഉപയോഗിക്കുന്നത്.
അമേരിക്കയില്‍ മൃഗസംരക്ഷണ കേന്ദ്രം നടത്തുന്ന വൗഗാന്‍ എന്ന യുവതിയാണ് ശക്തിമാനുള്ള കൃത്രിമക്കാല്‍ എത്തിച്ചത്.കാല്‍ ഘടിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ഡെറാഡൂണില്‍ തന്നെ താമസമാക്കിയിരിക്കുകയാണ് വൗഗാന്‍. ശക്തിമാന്റെ കാല്‍ ശസ്ത്രക്രിയ ചെയ്യുന്ന സമയത്തും ഇവര്‍ കൂടെയുണ്ടായിരുന്നു.ശക്തിമാനുള്ള കൃത്രിമക്കാലുകള്‍ അമേരിക്കയില്‍ തയ്യാറാണെങ്കിലും അവ ഇന്ത്യയിലെത്തിക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ സഹായം അഭ്യര്‍ഥിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ടിം മഹോനി എന്ന മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നു. കാലുകള്‍ ഇവിടെ എത്തിക്കുന്നതിന്റെ മുഴുവന്‍ ചെലവും അദ്ദേഹം തന്നെയാണ് വഹിച്ചതെന്നും വൗഗാന്‍ പറഞ്ഞു.ഒരാഴ്ച മുമ്പാണ് പുതിയ കാല്‍ ഘടിപ്പിച്ചത്. എല്ലാ രണ്ടു മണിക്കൂറിലും അല്‍പനേരം എഴുന്നേല്‍പ്പിച്ചു നിര്‍ത്തുന്ന ശ ക്തിമാന് ദിവസവും ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. കാല്‍ ഘടിപ്പിച്ചതിനു ചുറ്റും ഐസ് പാക്ക് പിടിപ്പിച്ചാണ് ഇപ്പോഴത്തെ പരിശീലനം. വേദന കുറയ്ക്കാനാണിത്. ക്രമേണ ഐസ് പാക്ക് ഒഴിവാക്കാനും കൂടുതല്‍ സമയം നില്‍ക്കാനും കഴിയുന്ന തരത്തിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ ഊര്‍ജദായകമായ ഭക്ഷണമാണ് ശക്തിമാന് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അബ്ബാസ് ശര്‍മയെന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ഈ ഭക്ഷണം സൗജന്യമായി നല്‍കുന്നത്.
ഇദ്ദേഹത്തെ കൂടാതെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി സഹായങ്ങളും ചികില്‍സയുമായി ബന്ധപ്പെട്ട് ലഭിക്കുന്നുണ്ട്.ആക്രമണത്തിനു ശേഷം 70 കിലോയോളം കുറഞ്ഞ ശക്തിമാന്റെ നിലവിലെ ഭാരം 425 കിലോഗ്രാം ആണ്.
എന്നാല്‍ ഈ സമയത്തുള്ള ഭാരക്കുറവ് നല്ലതാണെന്നും ഇത് ചികില്‍സയ്ക്ക് ഗുണകരമാവുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it