Flash News

വ്യാപാരികളുടെ കൊള്ളലാഭം തടയാന്‍ സംവിധാനം വേണം



തിരുവനന്തപുരം: ജിഎസ്ടിയുടെ മറവില്‍ വ്യാപാരികള്‍ കൊള്ളലാഭമെടുക്കുന്നത് തടയാന്‍ കര്‍ശനമായ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിഎസ്ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ്‌വെയറിന്റെ അഭാവവും മുതലെടുത്താണ് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.  വ്യാപാരികള്‍ക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിന് ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് നെറ്റ്‌വര്‍ക് (ജിഎസ്ടിഎന്‍) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അതിനാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. സോഫ്റ്റ്‌വെയര്‍ സംവിധാനം പൂര്‍ണമാവാത്ത സാഹചര്യത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകുന്നതിന് പിഴ ഈടാക്കരുതെന്നും ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെടും. ചില വസ്തുക്കള്‍ക്കുള്ള നികുതി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നികുതിനിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാനതലത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കും.  ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴി വ്യാപാരികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനം ശക്തിപ്പെടുത്തും. ജിഎസ്ടി ദാതാക്കളുടെ പരാതി പരിഹാര കേന്ദ്രമായി അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ജിഎസ്ടി വകുപ്പിന്റെ 180 സര്‍ക്കിളുകളിലും നികുതിദായകര്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ട് മൂന്നു മാസം കഴിഞ്ഞെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നും നികുതിദായകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും മന്ത്രിസഭ വിലയിരുത്തി. ജയില്‍ വകുപ്പില്‍ വാര്‍ഡര്‍ വിഭാഗത്തില്‍ 206 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.  ഇതില്‍ 140 എണ്ണം അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ തസ്തികകളാണ്. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ 58, പ്രിസണ്‍ ഓഫിസര്‍ 6, ഗേറ്റ് കീപ്പര്‍ 2 എന്നിങ്ങനെ തസ്തികകളാണ് മറ്റുള്ളവ. ശാസ്ത്ര സാങ്കേതിക കൗണ്‍സിലിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തിലുള്ള ധനവകുപ്പിന്റെ നിബന്ധന പാലിക്കപ്പെടുന്നില്ലെങ്കില്‍ ഭാവിയില്‍ ശമ്പളപരിഷ്‌കരണം പരിഗണിക്കില്ല എന്ന വ്യവസ്ഥയോടെയാണ് തീരുമാനം. വഖ്ഫ് ബോര്‍ഡില്‍ നിന്ന് 2016 ഫെബ്രുവരി 1നു മുമ്പ് വിരമിച്ച ജീവനക്കാരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലിസ് ഓഫിസര്‍ പി പ്രവീണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഇരുപത് ലക്ഷം രൂപ അനുവദിക്കും. ആശ്രിത നിയമനപദ്ധതി പ്രകാരം പ്രവീണിന്റെ ആശ്രിതന് സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കും. ഈ അപകടത്തില്‍ പരിക്കേറ്റ സിവില്‍ പോലിസ് ഓഫിസര്‍മാരായ അഭിലാഷ്, രാജേഷ് എന്നിവര്‍ക്ക് അവരുടെ ചികില്‍സയ്ക്ക് ചെലവായ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.
Next Story

RELATED STORIES

Share it