kannur local

വ്യാജരേഖയുണ്ടാക്കി സ്ഥലം തട്ടിയ കേസ് ; യുവാവ് റിമാന്‍ഡില്‍



മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ജ്വല്ലറി  കവര്‍ച്ച ക്കേസിലെ പ്രതിയായ കാസര്‍കോട് പാണത്തൂരിലെ മാവുങ്കാല്‍ കുന്നില്‍ വീട്ടില്‍ എം കെ മുഹമ്മദ് ഹാരിഫി (39)നെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കീഴല്ലൂര്‍ പഞ്ചായത്തിലെ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടു ചേര്‍ന്നു കിടക്കുന്ന റീസര്‍വേ 81/2ല്‍പ്പെട്ട  50 സെന്റ്  സ്ഥലമാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. പ്രവാസി വ്യവസായിയും കണ്ണപുരം സ്വദേശിയുമായ മോഹനന്‍  വാഴവളപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. സ്ഥലമുടമ മോഹനാണെന്ന വ്യാജനേ കണ്ണൂര്‍ സ്വദേശിയാണ് ഭൂമി തട്ടിപ്പിലെ സൂത്രധാരന്‍. വിദേശത്തുള്ള മോഹനനാണെന്നു കാണിച്ച് കണ്ണൂര്‍ സ്വദേശിയാണ് ആദ്യം ഭൂമി കൈക്കലാക്കിയത്. മോഹനന്റെ  ഐഡി കാര്‍ഡും മറ്റു രേഖകളും വ്യാജമായി നിര്‍മിച്ചും ഫോട്ടോയില്‍ കൃത്രിമം കാണിച്ചുമാണ് സ്ഥലം തട്ടിയെടുത്തത്. രജിസ്ട്രാര്‍ ഓഫിസില്‍നിന്നു  സ്ഥലത്തിന്റെ രേഖയുടെ പകര്‍പ്പെടുത്തും ഒറിജിനല്‍ ആധാ രം നഷ്ടപ്പെട്ടതായി കാണിച്ച്  പത്രത്തില്‍ പരസ്യം നല്‍കിയും കണ്ണൂരിലെ   നോട്ടറിയെ  കൊണ്ടു സാക്ഷ്യപ്പെടുത്തിയുമായിരുന്നു തട്ടിപ്പ്. കണ്ണൂര്‍ സ്വദേശി  മോഹനനെന്ന പേരില്‍ സ്ഥലം പാണത്തൂരിലെ മുഹമ്മദ് ഹാരിഫിന് വില്‍പന നടത്തുകയായിരുന്നു.  സ്ഥലത്തിന്റെ രേഖ ഹാരിഫിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോഹനന്റെ ഫോട്ടോ മുദ്രപത്രത്തില്‍ പതിച്ചിരുന്നു. സെന്റിന് 80,000 രൂപ  കണക്കാക്കിയാണ് ഹാരിഫിന് സ്ഥലം വിറ്റത്. തുടര്‍ന്ന് ഇയാള്‍ ഇരിട്ടി സ്വദേശിയും ബിസിനസുകാരനുമായ അബ്ദുല്ലയ്ക്ക് സെന്റിന്  80,000 രൂപയക്ക് വിറ്റു.4 ലക്ഷം രൂപ മുന്‍കൂറായി അബ്ദുല്ലയില്‍നിന്ന്  വാങ്ങുകയും ചെയ്തു. സ്ഥലം  വാങ്ങിയ അബ്ദുല്ല ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുമ്പോഴാണ് മോഹനന്‍ സ്ഥലം വില്‍പന നടത്തിയ വിവരം നാട്ടുകാര്‍ അറിയുന്നത്. സ്ഥലമുടമ മോഹനാണെന്ന് നാട്ടുകാരില്‍ ചിലര്‍ക്ക് അറിയാമെങ്കിലും വില്‍പന നടത്തിയത് മോഹനനാണെന്ന് സ്ഥലം വാങ്ങിയവര്‍ പറയുകയുണ്ടായി. ഇതില്‍  സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ വിദേശത്തുള്ള മോഹനനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖ ചമച്ചാണ് സംഘം ഭൂമി കൈക്കലാക്കിയതെന്ന് മനസ്സിലായി. തുടര്‍ന്നു സ്ഥലം നോക്കാന്‍ ഏല്‍പ്പിച്ച മരുമകന്‍ ഭാസ്‌കരന്‍ മുഖേന മോഹനന്‍ മട്ടന്നൂര്‍ പോലിസില്‍  പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് സ്ഥലം വാങ്ങിയ മുഹമ്മദ് ഹാരിഫിനെ അറസ്റ്റ് ചെയുന്നത്. സംഭവത്തില്‍ എട്ടോളം പേരുണ്ടെന്ന്  അന്വേഷണത്തില്‍ വ്യക്തമായി. സമാനമായരീതിയില്‍ ഇതിനുത്ത  70 സെന്റ്  സ്ഥലവും സംഘം തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. മട്ടന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ രാജീവ് കുമാര്‍, എഎസ്‌ഐ വി എന്‍ വിനോദ് എന്നിവരുടെ  നേതൃത്വത്തിലാണ്  കേസന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it