വൈപ്പാര്‍ ലിങ്ക് പദ്ധതി തിരിച്ചുകൊണ്ടുവരാന്‍ നീക്കം: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

പത്തനംതിട്ട: ഉപേക്ഷിച്ച പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് പദ്ധതി പ്രളയത്തിന്റെ മറവില്‍ തിരിച്ചുകൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. സംസ്ഥാനത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പദ്ധതി ഉപേക്ഷിച്ചത്. പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രളയവുമായി ബന്ധപ്പെട്ട് “ഒഴുക്കിനെതിരേ ഒന്നിച്ച്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അച്ചന്‍കോവില്‍ നദിയില്‍ ഡാം നിര്‍മിക്കണമെന്ന കേന്ദ്ര ജലകമ്മീഷന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന പദ്ധതി നടപ്പാക്കി തമിഴ്‌നാട്ടിലേക്കു വെള്ളം കൊണ്ടുപോവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ കാരണം കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. ഡാമുകള്‍ ഒറ്റയടിക്കു തുറന്നുവിട്ടതാണ് പ്രളയത്തെ മഹാപ്രളയമാക്കിയതും മഹാദുരന്തമുണ്ടാക്കിയതും. ജൂണിലെ ആദ്യമഴ കഴിഞ്ഞപ്പോഴേക്കും ഡാമുകളിലെ ജലവിതാനം നിയന്ത്രിച്ചിരുന്നെങ്കില്‍ ദുരന്തമുണ്ടാവില്ലായിരുന്നു. വൈദ്യുതി ഉല്‍പാദനത്തിന്റെ പേരില്‍ വെള്ളം പിടിച്ചുനിര്‍ത്തി. പ്രളയത്തില്‍ ജലനിരപ്പ് നിയന്ത്രണാതീതമായപ്പോള്‍ ഡാമുകള്‍ പെട്ടെന്നു തുറന്നുവിട്ടതിന് കെഎസ്ഇബിയും ജലവിഭവ വകുപ്പും ഒരുപോലെ ഉത്തരവാദികളാണ്.
മഴ ശക്തമായപ്പോഴും പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ല. ഡാമുകള്‍ തുറന്നുവിട്ടശേഷം 15നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കലക്ടര്‍ അത് അറിഞ്ഞതുമില്ല. ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം താഴെതലങ്ങളില്‍ സംഭരിച്ചുനിര്‍ത്താന്‍ കഴിയണം. നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചു നിര്‍ത്തണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.



Next Story

RELATED STORIES

Share it