malappuram local

വൈദ്യുതീകരണത്തില്‍ സമ്പൂര്‍ണത കൈവരിച്ച് ജില്ല



മലപ്പുറം: സംസ്ഥാന സര്‍ക്കാറും വൈദ്യുതി വകുപ്പും സംയുക്തമായി നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണം ജില്ലയില്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ വകുപ്പു മന്ത്രി എം എം മണി മലപ്പുറത്തേ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കും. കഴിഞ്ഞ മാര്‍ച്ച് 31 വരെ അപേക്ഷ നല്‍കിയ വീടുകളിലെല്ലാം സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി പ്രകാരം വൈദ്യുതി എത്തിച്ചു. ജില്ലയിലാകെ 14,947 വൈദ്യുതി കണക്്ഷനുകളാണ് ഇത്തരത്തില്‍ നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. 18.829 കോടിരൂപയാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ചെലവായത്. ഇതില്‍ പതിനാറ് നിയോജക മണ്ഡലങ്ങളിലായി ജനറല്‍ വിഭാഗത്തില്‍ 3,319 വീടുകളിലും ബിപിഎല്‍ വിഭാഗത്തില്‍ 9,630 വീടുകളിലും 895 പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 538 പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്കും വൈദ്യുതി നല്‍കി. 565 അങ്കണവാടികളും പദ്ധതിയുടെ ഭാഗമായി വൈദ്യുതീകരിച്ചു. ഏറ്റവും കൂടുതല്‍ വീടുകള്‍ വൈദ്യുതീകരിച്ചത് മങ്കട മണ്ഡലത്തിലാണ്. 1,635 കണക്്ഷനുകളാണ് മണ്ഡലത്തില്‍ നല്‍കിയത്. നിലമ്പൂര്‍ മണ്ഡലത്തില്‍ 1,419 കണക്്ഷനുകളും പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 1,305 കണക്്ഷനുകളും നല്‍കി. 506 കണക്്ഷനുകള്‍ മാത്രം നല്‍കിയ തിരൂരങ്ങാടി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വൈദ്യുതീകരണം നടന്നത്. പതിനാറ് മണ്ഡലങ്ങളിലായി പദ്ധതിക്കു വേണ്ടി മാത്രം 310.41 കിലോമീറ്റര്‍ ദൂരത്തില്‍ സിംഗിള്‍ ഫേസ്‌ലൈന്‍ കെഎസ്ഇബി വലിച്ചു. വൈദ്യുതി കമ്പികള്‍ വലിക്കാന്‍ സാധ്യമല്ലാത്ത നിലമ്പൂര്‍ മണ്ഡലത്തിലെ പുഞ്ചക്കൊല്ലി, മുണ്ടക്കടവ് കോളനികളില്‍ വനത്തിലൂടെ 7.2 കിലോമീറ്റര്‍ ദൂരം മണ്ണിനടിയില്‍ കേബിളുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. ഇതിനായി രണ്ട് 100 കെവി ട്രാന്‍സ്‌ഫോമറുകളും സ്ഥാപിച്ചു. ഭൂമിശാസ്ത്രപരമായി ദുര്‍ഘട പ്രദേശങ്ങളായ കല്ലുവാരി, വീട്ടിക്കുന്ന, മാടം കോളനി, ചുറ്റള കോളനി, ചേരിയം, മൈലാടി കോളനികള്‍ എന്നിവിടങ്ങളിലും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യുതി എത്തിക്കാനായി. വൈദ്യുതി ലൈന്‍ വലിക്കാല്‍ മാര്‍ഗങ്ങളേതുമില്ലാത്ത നിലമ്പൂര്‍ മണ്ഡലത്തിലെ മാഞ്ചീരി കോളനിയിലും വണ്ടൂര്‍ മണ്ഡലത്തിലെ കല്ലളമാക്കന്‍ എന്ന ഉപഭോക്താവിനും സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി നല്‍കിയത്. പദ്ധതി ചെലവിലേക്ക് വിവിധ മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 2.76 കോടിരൂപയും പ്രത്യേക വികസനഫണ്ടില്‍ നിന്ന് 1.37 കോടിരൂപയും ലഭ്യമാക്കി. പട്ടികജാതി വികസന വകുപ്പ് 1.73 കോടി രൂപയും പട്ടിക വര്‍ഗ വികസന വകുപ്പ് 1.55 ലക്ഷം രൂപയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 1.55 കോടി രൂപയും അനുവദിച്ചു. ബാക്കി തുക കെഎസ്ഇബി തനത് ഫണ്ടില്‍ നിന്നു വിനിയോഗിച്ചു. വയറിങ് പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങള്‍ക്ക് സാമൂഹിക പിന്തുണയും വൈദ്യുതി വകുപ്പിന് ഉറപ്പാക്കാനായി എന്നത് ശ്രദ്ധേയമാണ്. 987 വീടുകളാണ് ഇത്തരത്തില്‍ വൈദ്യുതീകരിച്ചത്. കെഎസ്ഇബി ജീവനക്കാര്‍, വിവിധ ട്രേഡ് യൂനിയനുകള്‍, ഓഫിസര്‍മാരുടെ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ സഹകരണ സംഘങ്ങള്‍, കരാറുകാര്‍ എന്നിവരെല്ലാം സന്നദ്ധ സേവനവുമായി വയറിങ് പ്രവൃത്തികള്‍ക്ക് മുന്നിട്ടിറങ്ങി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 58 ദിവസം കൊണ്ട് വൈദ്യുതീകരണത്തില്‍ സമ്പൂര്‍ണത കൈവരിക്കാന്‍ ജില്ലയ്ക്കായതെന്ന് എഡിഎം വി രാമചന്ദ്രന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപന പൊതുസമ്മേളനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവന്‍ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. കെഎസ്ഇബി തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ് പരമേശ്വരന്‍, നിലമ്പൂര്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശോശാമ്മ കുരുവിള, മഞ്ചേരി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ ജെ ലിനി, പെരിന്തല്‍മണ്ണ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ടി എം അജിത്കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it