thrissur local

വൈദ്യുതി വിഭാഗത്തില്‍ പകല്‍ക്കൊള്ളയും ചൂഷണവുമെന്ന് ആരോപണം

തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ കടുത്ത ഉപഭോക്തൃ ചൂഷണവും പകല്‍ കൊള്ളയും നടമാടുന്നതായി ആക്ഷേപം.  ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ സേവന-വേതന വ്യവസ്ഥകള്‍ അതേപടി അംഗീകരിച്ചുകൊണ്ടുള്ള കൗണ്‍സില്‍ തിരുമാനം നിലനില്‍ക്കേ കോര്‍പ്പറേഷന്‍ എല്ലാ സേവനങ്ങള്‍ക്കും ഉപഭോക്താക്കളില്‍നിന്നും ഈടാക്കുന്നത് ബോര്‍ഡിനേക്കാള്‍ ഉയര്‍ന്ന നിരക്കാണെന്നാണ് ആക്ഷേപം. വടക്കേസ്റ്റാന്റിന് സമീപം കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് വൈദ്യുതി കണക്ഷന്‍ നല്‍കിയതിലെ ക്രമക്കേട് ആരോപണത്തിന് അടിസ്ഥാനം വൈദ്യുതി വിഭാഗത്തിലെ ഈ അന്യായമാണ്. സേവനങ്ങള്‍ക്ക് ബോര്‍ഡിനേക്കാള്‍ 10 ശതമാനം അധിക ചാര്‍ജ്ജ് ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വൈദ്യുതി വിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍ റഗുലേറ്ററി കമ്മീഷന്റെ ഇതിനെയൊരു ഉത്തരവ് കൗണ്‍സിലില്‍ അജണ്ടവെച്ച് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ഉണ്ടായിട്ടില്ല. അങ്ങിനെയിരിക്കേ കൗണ്‍സില്‍ അറിയാതെ ഉപഭോക്താക്കളില്‍നിന്നും അധികചാര്‍ജ്ജ് ഈടാക്കുന്നതു അന്യായമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മാത്രമല്ല ഇലക്ട്രിക് പോസ്റ്റുകള്‍ക്കും വൈദ്യുതി കണക്ഷനും ബോര്‍ഡിനേക്കാല്‍ അധികചാര്‍ജ് വാങ്ങുന്നുവെന്ന മുന്‍കൗണ്‍സിലര്‍ അഡ്വ.സ്മിനി ഷിജോയുടെ പരാതിയില്‍ അധികം വാങ്ങിയ ദശലക്ഷകണക്കിന് രൂപ തിരിച്ചുനല്‍കാന്‍ റഗുലേറ്ററി കമ്മീഷന്‍ തന്നെ രണ്ട് വര്‍ഷം മുമ്പ് ഉത്തരവായതും തിരിച്ചുകൊടുത്തതുമാണ്. ബോര്‍ഡിലെ നിരക്ക് അടിസ്ഥാന മാനദണ്ഡമായി കൗണ്‍സില്‍ അംഗീകരിച്ചിരിക്കേ അതിന് വിരുദ്ധമായി ബോര്‍ഡിലെ നിരക്ക് കോര്‍പ്പറേഷന് പാലിക്കാനാകില്ലെന്ന വൈദ്യുതിവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അസി. സെക്രട്ടറി റഗുലേറ്ററി കമ്മീഷന് നല്‍കിയ വിശദീകരണം കമ്മീഷന്‍ തള്ളികളഞ്ഞതാണ്. സെക്രട്ടറിയുടെ കൗണ്‍സില്‍ വിരുദ്ധ നിലപാട് അന്ന് വിവാദമായതാണെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.70 കോടിയോളം സ്ഥിരം നിക്ഷേപമുള്ള വൈദ്യുതിവിഭാഗത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭം 15 കോടി രൂപയാണ്. മുതല്‍ മുടക്കി പരിപാലിക്കുന്ന നഗരത്തിലെ ജനങ്ങള്‍ക്ക് ഒരു രൂപപോലും ലാഭവീതത്തിന് അവകാശമില്ലാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ച വൈദ്യുതി വിഭാഗം, ജനങ്ങളെ അന്യായമായി കൊള്ളയടിക്കുകയുമാണ്. വൈദ്യുതി ഫണ്ടാകട്ടെ ശമ്പളത്തിലുള്‍പ്പെടെ ധൂര്‍ത്തടിച്ച് തുലക്കുന്നു. വടക്കേ ബസ്സ്റ്റാന്റില്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് വൈദ്യുതി കണക്ഷന്‍ നല്‍കിയതില്‍ ഉയര്‍ന്ന വിവാദത്തെകുറിച്ചുള്ള അന്വേഷണത്തിലാണ് കൗണ്‍സിലറിയാതെ ഉപഭോക്തൃചൂഷണം തുടരുന്നുവെന്ന് വ്യക്തമായത്. സബ്‌സ്റ്റേഷന് സമീപമുള്ള അരണാട്ടുകര ഫീഡറില്‍നിന്നും കണക്ഷന്‍ നല്‍കാന്‍ റോഡ് വെട്ടിപൊളിച്ച കേബിളിടുന്നതുള്‍പ്പെടെ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റായിരുന്നു കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗം ആദ്യം നല്‍കിയത്. സപ്ലെകോഡ് അനുസരിച്ച് ഏറ്റവും അടുത്ത ഫീഡറില്‍ നിന്നാണ് കണക്ഷന്‍ നല്‍കേണ്ടത്. അതിന് വിരുദ്ധമായിരുന്നു ഈ നിര്‍ദ്ദേശം. എന്നാല്‍ റോഡ് വെട്ടിപൊളിക്കുന്നത് പിഡബ്ല്യുഡി തടഞ്ഞു. മഴയ്ക്ക് ശേഷമേ വെട്ടിപൊളി അനുവദിക്കാനാകൂ എന്നായിരുന്നു അസി.എന്‍ജിനീയര്‍ കോര്‍പ്പറേഷന്‍ നല്‍കിയ കത്ത്. ഈ സാഹചര്യത്തില്‍ കൗസ്തുഭം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് കണക്ഷന്‍ നല്‍കാന്‍ കോര്‍പ്പറേഷന്‍ ഭരണനേതൃത്വം തീരുമാനിക്കുകയായിരുന്നു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി ഇടപെട്ടായിരുന്നു ആ കണക്ഷന്‍ അനുവദിച്ചത്. ദൂരം കുറഞ്ഞതിനാല്‍ ആദ്യം നല്‍കിയ എസ്റ്റിമേറ്റ് തുക 45 ലക്ഷത്തില്‍നിന്നും 28 ലക്ഷമായി കുറയുകയും ചെയ്തു. 10 ദിവസംകൊണ്ടാണ് കണക്ഷന്‍ നല്‍കിയത്. കോര്‍പ്പറേഷന്‍ നടപടികള്‍ക്ക് താമസം വരുമെന്നതിനാല്‍ സ്വന്തം ചിലവില്‍ നേരിട്ട് പണി നടത്താന്‍ ഉടമയെ അനുവദിച്ചു. നേരിട്ട് പണി നടത്തിയപ്പോള്‍ ചിലവ് 18 ലക്ഷമായി കുറയുകയും ചെയ്തു.
Next Story

RELATED STORIES

Share it