thrissur local

വൈദ്യുതി വിഭാഗത്തിലെ തിരുകിക്കയറ്റല്‍ ഇന്ന് കൗണ്‍സില്‍ പരിഗണനയ്ക്ക്



തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് മേയറുടെ മുന്‍കൂര്‍ അനു—മതിയോടെ കരാര്‍ നല്‍കിയ നടപടി ഇന്ന് രാവിലെ 11ന് ചേരുന്ന കൗണ്‍സില്‍ യോഗം വീണ്ടും പരിഗണിക്കും. വിവിധ വിഭാഗങ്ങളിലായി മൊത്തം 68 ജീവനക്കാരെ നിയ—മിച്ചതില്‍ സ്‌പോട്ട് ബില്ലര്‍മാരായി 8 പേരെ നിയമിച്ചതിന് അംഗീകാരത്തിനായാണ് കൗണ്‍സിലിന്റെ അജണ്ടയില്‍ വിഷയം വെച്ചിട്ടുള്ളത്. 29.3.2017ന് മേയര്‍ നല്‍കിയ ഉത്തരവുകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അംഗീകാരത്തിനും കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കുവന്നതാണെങ്കിലും കോണ്‍ഗ്രസ്-ബി.ജെ. പി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് വിഷയം പാസാക്കാനായില്ല. വിഷയം തള്ളികളയണമെന്നായിരുന്നു ഭൂരിപക്ഷം വരുന്ന പ്രതിപക്ഷാവശ്യമെങ്കിലും ഭരണപക്ഷം അതിന് വഴങ്ങാതെ വിഷയം മാറ്റിവെക്കുകയായിരുന്നു. കരാറുകാരന്‍ നിയമിച്ച 68 ജീവനക്കാരും ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്. ഇലക്ട്രിസിറ്റി വിഭാഗത്തില്‍ നിയമനം കരാര്‍ നല്‍കിയത് നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. മാത്രമല്ല ഇലക്ട്രിസ്റ്റി ബോര്‍ഡിലെ മാനദണ്ഡമനുസ—രിച്ച് കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗത്തില്‍ ആവശ്യമായതിന്റെ മൂന്നിരട്ടിയോളം ജീവനക്കാരുള്ളപ്പോള്‍ 68 പേര്‍ക്ക് കൂടി കരാര്‍ നിയമനം നല്‍കിയതു അംഗീകരിക്കാനാകില്ലെന്നായിരുന്നു പ്രതിപക്ഷവാദം. കരാര്‍ നിയമനത്തിന് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടില്ലെന്നും വര്‍ക്‌സ് കമ്മിറ്റി അംഗമായ ബി.ജെ.പി കൗണ്‍സിലര്‍ സി രാവുണ്ണി പറയുന്നു. “നിയമാനുസൃതം’ അംഗീകരിക്കാമെന്നാണ് കമ്മിറ്റി തീരുമാനമെന്നും കരാര്‍ നിയമനം നിയമവിരുദ്ധമായതിനാല്‍ തീരുമാനമെടുക്കാന്‍ കൗണ്‍സിലിന് പോലും അധികാരമില്ലെന്നും രാവുണ്ണി പറയുന്നു.  ഇലക്ട്രിസിറ്റി ബോര്‍ഡിലെ മാനദണ്ഡമനുസരിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ 93 ജീവനക്കാര്‍ മാത്രം മതിയാകുമെന്ന് 2011ല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡ് നിയോഗിച്ച വിദഗ്ദസമിതി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. അതനുസരിച്ച് 100 തസ്തികകള്‍ മാത്രം അന്ന് അംഗീകരിച്ച കൗണ്‍സില്‍ തീരുമാനമെടുത്താണ്. വൈദ്യുതിവിഭാഗത്തില്‍ അന്ന് 213 തസ്തികകള്‍ ഉണ്ടായിരുന്നു. 2006ല്‍ മേയറും ജീവനക്കാരുടെ സംഘടനകളും ചര്‍ച്ച നടത്തി 209 തസ്തികകള്‍ പുന:സ്ഥാപിച്ച് തീരുമാനമെടുക്കുകയും 24.6.2006ലെ കൗണ്‍സിലില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിലെ പുതിയ മാനദണ്ഡമനുസരിച്ച് 12.65 ച.തു കിലോമീറ്റര്‍ വിസ്തീര്‍ണ്ണവും 36,000 കണക്ഷനുകളുമുള്ള കോര്‍പ്പറേഷനില്‍ 75-80 ജീവനക്കാര്‍ മാത്രം മതിയെന്നിരിക്കേ 209 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും സേവനങ്ങള്‍ ബോര്‍ഡിലേതിന് തുല്യമാക്കണമെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കൂടുതല്‍ ജീവനക്കാരെ സൃഷ്ടിക്കാനുള്ള തീരുമാനവുമായാണ് കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുന്നത്. അതേസമയം ബോര്‍ഡിന് തുല്യമായ സേവന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് 24.6.2006 ലെ കൗണ്‍സില്‍ യോഗ തീരുമാനം പുനപരിശോധിക്കാന്‍ 4.7.2017ല്‍ ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായതായി ഇന്നത്തെ കൗണ്‍സിലിലെ മറ്റൊരു അജണ്ടയില്‍ പറയുന്നു.
Next Story

RELATED STORIES

Share it