വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നു; പ്രതിസന്ധി രൂക്ഷം

എച്ച്  സുധീര്‍

തിരുവനന്തപുരം: വേനല്‍ ആരംഭിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് മാര്‍ച്ചില്‍ ഇതുവരെ രേഖപ്പെടുത്തിയത്. ഈ മാസം ആദ്യ ആഴ്ചയിലെ കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുണ്ടായത് ഇക്കഴിഞ്ഞ അഞ്ചിനാണ്- 3714 മെഗാവാട്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനശേഷി 2778 മെഗാവാട്ട് ആണ്. 936 മെഗാവാട്ട് ഈ ദിനം മാത്രം അധികം വേണ്ടിവന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കരുതലെടുത്തതായി കെഎസ്ഇബി വിശദീകരിച്ചു. കഴിഞ്ഞ നാലുവരെയുള്ള കണക്കു പ്രകാരം 2360.99 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം സംഭരിച്ചിട്ടുണ്ട്. കരുതല്‍ശേഖരം കഴിച്ച് പ്രതിദിനം ശരാശരി 22 ദശലക്ഷം യൂനിറ്റ് മെയ് 31 വരെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. ഇതിനു പുറമേ സംസ്ഥാനത്തിന് കേന്ദ്രവിഹിതമായി 1679 മെഗാവാട്ടും ദീര്‍ഘകരാറിലൂടെ 1215 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇവയില്‍ നിന്നു പ്രസാരണ നഷ്ടവും മറ്റും കഴിച്ച് 2500 മെഗാവാട്ട് ആണ് ലഭിക്കുന്നത്. ഇതുകൂടാതെയുള്ള ആവശ്യകത പവര്‍ എക്‌സ്‌ചേഞ്ചിലൂടെ വൈദ്യുതി ആവശ്യാനുസരണം വാങ്ങി നിറവേറ്റാനാവുമെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.
സൗരോര്‍ജത്തില്‍ നിന്നും കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പാക്കാനുള്ള പദ്ധതികള്‍ കെഎസ്ഇബിയുടെ പരിഗണനയിലുണ്ട്. വിവിധ ജില്ലകളിലായി നിര്‍മാണം നടക്കുന്ന 16 സൗരോര്‍ജ പദ്ധതികളിലൂടെ 209.299 മെഗാവാട്ട് വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നു. കാറ്റില്‍ നിന്നു മൂന്നുപദ്ധതിക ള്‍ വഴി 5.631 മെഗാവാട്ടും ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു ണ്ട്. കൂടാതെ അഗളിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കാറ്റാടിപ്പാടം വഴി എട്ട് മെഗാവാട്ടും സ്വകാര്യ സംരംഭകരുടെ മൂന്നു പദ്ധതികള്‍ വഴി 27 മെഗാവാട്ടും സ്വകാര്യസംരംഭകര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ നിന്ന് റിവേഴ്‌സ് ടെന്‍ഡര്‍ വഴി 200 മെഗാവാട്ടും ലഭ്യമാക്കാനാണു ശ്രമം.
അതേസമയം, പ്രതിസന്ധി രൂക്ഷമായിട്ടും വൈദ്യുതി പ്രസാരണ-വിതരണ നഷ്ടം ഒഴിവാക്കാന്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നു ക്രിയാത്മക ഇടപെടല്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ശരാശരി 15 ശതമാനം വൈദ്യുതിയാണ് ഓരോ വര്‍ഷവും ഇത്തരത്തില്‍ നഷ്ടമാവുന്നത്.
Next Story

RELATED STORIES

Share it