wayanad local

വൈത്തിരിയില്‍ ജനപങ്കാളിത്തത്തോടെ പുഴ സംരക്ഷണ പ്രവൃത്തികള്‍ തുടങ്ങി



വൈത്തിരി: ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയെന്ന ഹരിതകേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്ത് ഗ്രാമപ്പഞ്ചായത്ത് പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു. ലക്കിടി ചങ്ങല മരത്തിന് സമീപം സംഘടിപ്പിച്ച ചടങ്ങ് കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വയനാടിന്റെ തനത് കാലാവസ്ഥ തിരികെ കൊണ്ടുവരുന്നതിന് മുഴുവന്‍ ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ടമല കൈത്തോട് പുനരുജ്ജീവിപ്പിച്ചാണ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. എം വി വിജേഷ്, എല്‍ സി ജോര്‍ജ്, പി ടി വര്‍ഗീസ്, സലീം മേമന, പി യു ദാസ്, സുഭദ്ര നായര്‍, പി എ ജസ്റ്റിന്‍, പി ഗഗാറിന്‍, സി കുഞ്ഞഹമ്മദ് കുട്ടി, പി അനില്‍കുമാര്‍, ബി കെ സുധീര്‍ കിഷന്‍ സംസാരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് വിദ്യാര്‍ഥികളും ഹരിതകര്‍മ സേനാംഗങ്ങളും ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായി. കേരളത്തിലെ ചിറാപ്പുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടി ഉള്‍പ്പെട്ട വൈത്തിരി ഗ്രാമപ്പഞ്ചായത്തിലും വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ പുഴ സംരക്ഷിക്കാന്‍ നാട് കൈകോര്‍ത്തത്. മണ്ടമലയില്‍ നിന്നുല്‍ഭവിക്കുന്ന കബനിയുടെ കൈത്തോടുകളും നിരവധി ജലസ്രോതസ്സുകളും സംരക്ഷിക്കാനും പരിപാലിക്കാനും പരിപോഷിപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. തൊട്ടടുത്ത ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തി വരെ ഓരോ കിലോമീറ്ററിലും വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.  മുള, ഓട, കൈത എന്നിവ നട്ടുപിടിപ്പിച്ചും തോടരികുകളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചും കബനിയുടെ കൈവഴികളിലൊന്നായ വൈത്തിരി പുഴയെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. പുഴയിലെ ശുദ്ധജലം ഉപയോഗപ്പെടുത്തി നീന്തല്‍ മല്‍സരം, സമൂഹ സ്‌നാനം, സമൂഹസദ്യ, തീരങ്ങളില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി ഉദാരമതികളുടെയും പ്രവാസികളുടെയും സഹകരണം തേടും. വിമുക്തഭടന്‍മാര്‍, സ്റ്റുഡന്റ് പോലിസ്, എന്‍സിസി, എന്‍എസ്എസ് വോളന്റിയര്‍മാര്‍ റിവര്‍ പട്രോളിങ് നടത്തും. പുഴയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. പുഴയുടെ നിര്‍ഗമന മാര്‍ഗങ്ങളില്‍ പ്ലാസ്റ്റിക്, ഖരമാലിന്യങ്ങള്‍ എന്നിവ ശേഖരിക്കും.
Next Story

RELATED STORIES

Share it