Kottayam Local

വൈക്കം-വെച്ചൂര്‍ റോഡില്‍ കുഴികള്‍നിറഞ്ഞ് വാഹനയാത്ര ദുരിതമാവുന്നു



വൈക്കം: വൈക്കം-വെച്ചൂര്‍ റോഡില്‍ കുഴികള്‍ നിറഞ്ഞ്് വാഹനയാത്ര ദുരിതമാവുന്നു. വന്‍കുഴികളാണു റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇടയാഴം ഭാഗത്തെ റോഡുകളാണ് കുണ്ടുംകുഴിയും നിറഞ്ഞ രൂപത്തിലായത്. മഴ പെയ്യുമ്പോള്‍ കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം അപകടസാധ്യത ഇരട്ടിയാക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മൂന്നാര്‍, ആലപ്പുഴ, തിരുവനന്തപുരം, ചേര്‍ത്തല, തൊടുപുഴ, കോട്ടയം, കുമരകം ഭാഗങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോവുന്നത്. നിയോജക മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വൈക്കം-വെച്ചൂര്‍ റോഡിന്റെ ശോച്യാവസ്ഥയില്‍ അധികാരികള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന അവസ്ഥയാണ്. എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നു വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ കുമരകത്തേക്കു പോവാന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. രാത്രി കാലങ്ങളില്‍ വിദേശികളുമായി എത്തുന്ന വാഹനങ്ങള്‍ റോഡില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളുടെ ആഴം മനസ്സിലാക്കാതെ അപകടത്തില്‍പ്പെടുന്നുമുണ്ട്. നിരവധി ടൂറിസ്റ്റുകള്‍ ഇതിനെ തുടര്‍ന്ന് മടങ്ങിപ്പോവുന്ന സാഹചര്യവുമുണ്ട്. വിദേശികളെ ലക്ഷ്യമിട്ട് തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളില്‍ ആരംഭിച്ച ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ക്കുമെല്ലാം റോഡിന്റെ ശോച്യാവസ്ഥ വലിയ തിരിച്ചടിയാണ് നല്‍കുന്നത്. അമിത വാഹന പ്രവാഹത്തിനിടയില്‍ നൂറു കണക്കിനു ടിപ്പര്‍ ലോറികളുടെ സഞ്ചാരവഴി കൂടിയാണിത്. ഇരുചക്ര വാഹനക്കാര്‍ക്കാണ് ഏറെ ദുരിതം. ഇതിനിടയിലൂടെ കടന്നുപോവുന്ന കാല്‍നടയാത്രക്കാര്‍ ഭയത്തോടെയാണ് റോഡ് വശങ്ങളിലൂടെ കടന്നുപോവുന്നത്. വൈക്കം വെച്ചൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപനം വന്നിട്ട് നാളുകള്‍ ഏറെയായി.എന്നാല്‍ ഇതിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുള്‍പ്പടെയുള്ള പ്രാരംഭ ഘട്ട ജോലികള്‍ പോലും എങ്ങും എത്താത്ത അവസ്ഥയിലാണ്. ഇതുപോലെ തന്നെ അപകടകരമായ നിലയിലാണ് റോഡിലെ വളവുകള്‍. അമിത വേഗത്തില്‍ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ വളവുമൂലം കാണാന്‍ സാധിക്കാത്തതുമൂലം ഒട്ടേറെ അപകടങ്ങള്‍ ഈ റോഡില്‍ പതിവ് കാഴ്ചകളാണ്. റോഡ് ആധുനികരീതിയില്‍ നവീകരിക്കുന്നതിന് വെച്ചൂര്‍, തലയാഴം പഞ്ചായത്തുകള്‍ കൂടിയാലോചനകള്‍ നടത്തി സര്‍ക്കാരിനെ സമീപിക്കണമെന്ന ആവശ്യവും ശക്തമാണ്. വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ എംപിയും എംഎല്‍എയുമെല്ലാം രംഗത്തുവരണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it