kasaragod local

വേനല്‍ മഴ: കാറ്റിലും ഇടിമിന്നലിലും കനത്ത നാശം

കാസര്‍കോട്: ജില്ലയില്‍ ഇന്നലെ മൂന്നോടെ വേനല്‍ മഴയെ തുടര്‍ന്നുണ്ടായ കാറ്റിലും ഇടിമിന്നലിലും കനത്ത നാശനഷ്ടം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ജില്ലയിലെ മലയോര പ്രദേശങ്ങളിലും കിഴക്കന്‍ ഭാഗങ്ങളിലും വേനല്‍ മഴയുണ്ടായിരുന്നെങ്കിലും ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ശക്തമായ വേനല്‍ മഴയായിരുന്നു ഇന്നലെ പെയ്തത്.
വേനല്‍ചൂടിന് കുളിരേകി പെയ്ത വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. ജില്ലയിലെ മലയോര മേഖലയായ കള്ളാര്‍, പനത്തടി, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ ഭാഗങ്ങളില്‍ കനത്ത കൃഷിനാശമുണ്ടായി.
പലയിടത്തും വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായി. വെസ്റ്റ് എളേരിയില്‍ ഇടിമിന്നലേറ്റ് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ഒരാള്‍ക്ക് ഷോക്കേറ്റു. വെസ്റ്റ്എളേരി പഞ്ചായത്തിലെ പുങ്ങംചാല്‍ പടിഞ്ഞാറെ വീട്ടില്‍ ശോഭന, മൗവ്വേനി പട്ടികവര്‍ഗ കോളനിയിലെ കുറുവാട്ട് വീട്ടില്‍ രാജന്‍ എന്നിവരുടെ വീടുകളാണ് ഇടിമിന്നലില്‍ ഭാഗികമായി തകര്‍ന്നത്.
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശോഭനയുടെ മകന്‍ അര്‍ജുന്(17) പരിക്കേറ്റു. നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങുകളും കത്തിനശിച്ചു.
തളങ്കര തെരുവത്ത് കോയാസ് ലൈനില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ആറാംനിലയില്‍പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തിലെ ജനല്‍ ഗ്ലാസ് തകര്‍ന്നുവീണു.
കനത്ത മഴയില്‍ ഭീമനടി ടൗണില്‍ കേബിള്‍ കുഴി എടുത്ത സ്ഥലങ്ങള്‍ ഇടിഞ്ഞുതാഴ്ന്നു. വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടങ്ങളും ഉണ്ടായി. ശക്തമായ ഇടിമിന്നലേറ്റ് മൗവ്വേനിയിലെ കുറുവാട്ട് രാജന്റെ വീട്ടിലെ വയറിങും വൈദ്യുതി ഉപകരണങ്ങളും നശിച്ചു.
Next Story

RELATED STORIES

Share it