kannur local

വേനല്‍ മഴയിലും കാറ്റിലും മലയോരത്ത് വ്യാപകനാശം

ഇരിട്ടി: പ്രതീക്ഷയോടെ എത്തിയ വേനല്‍ മഴ അത്യുഷ്ണത്തിനു നേരിയ ശമനം നല്‍കിയെങ്കിലും മലയോരത്ത് വ്യാപക നാശം വിതച്ചു. ഒരുമണിക്കൂര്‍ നേരം നീണ്ടുനിന്ന മഴയും കാറ്റും മലയോരത്തെ ഇരുട്ടിലാക്കി. കനത്ത വേനല്‍മഴയിലും കാറ്റിലും മലയോരത്ത് തകര്‍ന്നത് 10 വീടുകള്‍.
കരിക്കോട്ടക്കരി മാഞ്ചിയത്തെ കെ പി കുര്യാച്ചന്‍, അപ്പച്ചന്‍, വല്‍സമ്മ, സന്തോഷ്, കല്ലറക്കല്‍ ചാക്കോ, റിജോ എന്നിവരുടെ വീടുകളാണ് ചിലത് പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ന്നത്. മട്ടന്നൂരിനടുത്തുള്ള ചാവശ്ശേരി കുറുങ്കളത്തെ പി കെ യൂസുഫിന്റെ വീടിനു മുകളില്‍ മരം വീണ് തകര്‍ന്നു.
കുറുങ്കളം മസ്ജിദിനു മുകളില്‍ മരംവീണ് പള്ളിയുടെ മുന്‍ഭാഗത്ത് പാകിയ ഷീറ്റുകള്‍ തകര്‍ന്നു. പയഞ്ചേരി ക്വാറിക്ക് സമീപം കാരായി ചന്ദ്രന്റെ വീട്ടിനു മുകളില്‍ സമീപത്തെ തെങ്ങ്, കമുങ്ങ് എന്നിവ കടപുഴകി വീണ് തകര്‍ന്നു. കളരിക്കാട് ലക്ഷംവീട് കോളനിയിലെ ഇരിയേടത്ത് ആമിനയുടെ വീട് മരം പൊട്ടിവീണ് ഭാഗികമായി തകര്‍ന്നു. കോളിക്കടവിലെ കുഞ്ഞികൃഷ്ണന്റെ വീട് മരംവീണ് ഭാഗികമായി തകര്‍ന്നു.
വികാസ് നഗറിലെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹീമിന്റെ വീടും തകര്‍ന്നിട്ടുണ്ട്. കനത്ത കാറ്റില്‍ മരം പൊട്ടിവീണ് മേഖലയിലാകമാനം വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. ആയിരത്തിലധികം നേന്ത്രവാഴകളും റബറും കമുങ്ങും തെങ്ങും നിലംപൊത്തി. ആറളം, മുഴക്കുന്ന്, പായം, ഇരിട്ടി നഗരസഭാ പ്രദേശങ്ങളിലാണ് വ്യാപക നാശമുണ്ടായത്.
മുഴക്കുന്ന് ഗ്രാമത്തിലെ മൂളിയില്‍ ശിവാനന്ദന്റെ 150ഓളം നേന്ത്രവാഴകള്‍ കാറ്റില്‍ നിലം പൊത്തി. പ്രദേശത്തെ താഴത്ത് സദാനന്ദന്‍, കൃഷ്ണന്‍ എന്നിവരുടെ 50ലധികം വാഴകളും സി കെ മുരളിയുടെ 120, നെല്ലിക്ക മോഹനന്റെ 100, പാടന്‍കുടി വാസുവിന്റെ 30 നേന്ത്രവാഴകളാണ് നശിച്ചത്. എടത്തൊട്ടി ചെമ്പുകണ്ണിമലയില്‍ ഇക്കരയില്‍ ഗോപിനാഥന്റെ 300ഓളം റബര്‍മരങ്ങള്‍ കാറ്റില്‍ തകര്‍ന്നു. 12 വര്‍ഷം പ്രായമായ ടാപ്പ് ചെയ്യുന്ന മരങ്ങളാണ് നശിച്ചത്.
വേനല്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക കൃഷി നാശ നഷ്ടമുണ്ടായി. അയ്യംകുന്ന്, ആറളം, പായം, ഉളിക്കല്‍, മുഴക്കുന്ന്, ഇരിട്ടി മേഖലകളിലാണ് നഷ്ടമുണ്ടായത്. നിരവധി കൃഷികള്‍ നശിച്ചു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി.
ആറളത്തെ ജോസ് മാനാംകുഴി, രാമചന്ദ്രന്‍ കൊഴുകുന്നേല്‍, മുണ്ടയാംപറമ്പിലെ സുകുമാരന്‍ പാറത്തൊടിയില്‍, കിളിയന്തറയിലെ തോമസ് പൊട്ടക്കുളം, കോളിക്കടവിലെ തങ്കന്‍ച്ചന്‍ മംഗലത്ത്, മീത്തലെ പുന്നാട്ടെ പി സുരേന്ദ്രന്‍, ശശീധരന്‍, സി വി നാരായണന്‍, നാരായണന്‍ കോമരം, വി വി പത്മനാഭന്‍, സി ദാമോദരന്‍, മുഴക്കുന്ന് എടത്തൊടിയിലെ ഗോപിനാഥന്‍, നബീസു, എം കെ സോമന്‍, കുര്യന്‍ പുതുശ്ശേരി, മോളിയില്‍ രാജു, ദിനേശന്‍ അടുക്കാട്, മണിയോത്ത് സജീവന്‍, പി സക്കീന, ജോസ് തടത്തില്‍, മേലാടന്‍ ഭാസ്‌കരന്‍, കെ എന്‍ കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ കൃഷികളാണ് കാറ്റില്‍ നശിച്ചത്.
ഇരിക്കൂറിലും കനത്ത നാശം
ഇരിക്കൂര്‍: കഴിഞ്ഞ ദിവസം വൈകീട്ടോടെ ഇരിക്കൂറിലും പരിസരങ്ങളിലുമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വന്‍ നാശം. സംസ്ഥാന പാതയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് കോംപൗണ്ടിലെ മരം റോഡിലേക്കും വൈദ്യുതി ലൈനിലേക്കും പൊട്ടി വീണതിനാല്‍ സംസ്ഥാന പാതയില്‍ അരമണിക്കൂര്‍ ഗതാഗതം നിലച്ചു.
കമാലിയ യുപി സ്‌കുളിന് സമീപം എന്‍ വി അബ്ദുല്ലയുടെ നിരവധി വാഴകള്‍ നിലംപൊത്തി. മണ്ണൂര്‍ പാലത്തിന് സമീപം മരം റോഡിലേക്ക് പൊട്ടി വീണതിനാല്‍ ഗതാഗതം നിലച്ചു. അഗ്നിശമന സേന എത്തി മരു മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആയിപ്പുഴയില്‍ കെ ഇ പി അശ്രഫിന്റെ പറമ്പിലെ രണ്ട് മരങ്ങളും എന്‍ പി കെ സൈഹുദ്ദീനിന്റെ മൂന്ന് മരങ്ങളും പൊട്ടി വീണു.
കൊളപ്പ ടൗണിലെ പട്ടാനൂര്‍ ബാങ്കിന് മുമ്പിലെ തണല്‍ മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ മരങ്ങള്‍ പൊട്ടി വീണതിനാല്‍ വൈദ്യുതി തൂണുകളും ലൈനുകളും തകര്‍ന്നതിനാല്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഇരുട്ടിലായി.
രണ്ടാംദിവസവും വൈദ്യുതി മുടങ്ങി
ഉരുവച്ചാല്‍: കനത്തവേനല്‍ ചൂടില്‍ ആശ്വാസമായി ഇന്നലെയും മഴയോടൊപ്പം കാറ്റും വീശിയപ്പോള്‍ രണ്ടാം ദിവസവും വൈദ്യുതി മുടങ്ങിയത് ദുരിതമായി. ചൊവ്വാഴ്ച്ച വൈകീട്ട് നിലച്ച വൈദ്യുതി ഇന്നലെ ഉച്ചയോടെ പുനസ്ഥാപിച്ചെങ്കിലും വൈകീട്ട് വീശിയ കാറ്റിനോടൊപ്പം വൈദ്യുതി നിലച്ചു.
കാറ്റില്‍ ചില സ്ഥലങ്ങളില്‍ തെങ്ങ്, മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനിന് മുകളില്‍ വീണതാണ് പലയിടത്തും വൈദ്യുതിനിലയ്ക്കാന്‍ കാരണം. രണ്ടാം ദിവസവും വൈദ്യുതി നിലച്ചത് വീട്ടമ്മമാരെയും വ്യാപാരസ്ഥാപനങ്ങളെയും പ്രയാസത്തിലാക്കി.
തകരാര്‍ സംഭവിക്കുമ്പോള്‍ കെഎസ്ഇബി ജീവനക്കാര്‍ യഥാസമയം വൈദ്യതി പുനസ്ഥാപിക്കാനുള്ള നടപടി വൈകുന്നതായും പരാതിയുണ്ട്. ഇന്നലെ രാത്രി വൈകിയും ഉരുവച്ചാല്‍, ശിവപുരം, മാലൂര്‍, നീര്‍വേലി, തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യതി പുനസ്ഥാപിച്ചിട്ടില്ല.
Next Story

RELATED STORIES

Share it