thrissur local

വേനല്‍മഴ: എണ്ണായിരത്തോളം വാഴകള്‍ നിലംപൊത്തി

കൊടകര: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത വേനല്‍മഴ മീനച്ചൂടിന് ആശ്വാസം പകര്‍ന്നെങ്കിലും മലയോരത്തെ നേന്ത്രവാഴകര്‍ഷകരുടെ പ്രതീക്ഷകള്‍ക്കുമേല്‍ ആശങ്കയുടെ തീകോരിയിടുകയാണ് ചെയ്തത്. വേനല്‍മഴയ്ക്ക് അകമ്പടിയായെത്തുന്ന ചുഴലിക്കാറ്റ് വാഴകൃഷിക്കാരുടെ പേടിസ്വപ്‌നമാണ്.
മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നിലംപൊത്തിയത് എണ്ണായിരത്തോളം നേന്ത്രവാഴകളാണ് . ഓര്‍ക്കാപ്പുറത്തെത്തിയ കാറ്റും മഴയും കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തിവച്ചു.കഴിഞ്ഞ വര്‍ഷം നേന്ത്രക്കുലകള്‍ക്ക് ലഭിച്ച മികച്ച വില ഇത്തവണ മലയോരത്ത് വാഴകൃഷി പൂര്‍വ്വാധികം വ്യാപകമാകാന്‍ കാരണമായി.
മറ്റത്തൂര്‍, കൊടകര,വരന്തരപ്പിള്ളി, കോടശേരി പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് നേന്ത്രവാഴകളാണ് ഇക്കുറി കൃഷി ചെയ്തിരിക്കുന്നത്. ഇവയില്‍ മിക്കതും ഓണവിപണി ലക്ഷ്യമിട്ടുള്ളതാണ്. കിലോഗ്രാമിന് അറുപതു രൂപയിലേറെയായിരുന്നു കഴിഞ്ഞ ഓണക്കാലത്തെ നേന്ത്രക്കായ വില.
മെയ് അവസാനത്തോടെ വിളവെടുപ്പിന് പാകമാവേണ്ട വാഴകളാണ് കഴിഞ്ഞ ദിവസം കാറ്റില്‍ നശിച്ചവയിലേറേയും. വേനല്‍മഴയ്‌ക്കൊപ്പം എത്താറുള്ള കാറ്റില്‍ നിന്ന് മുളങ്കാലുകള്‍ ,കാറ്റാടിമരം എന്നിവ ഉപയോഗിച്ചാണ് വാഴകളെ കര്‍ഷകര്‍ രക്ഷിക്കുന്നത്. പ്ലാസ്റ്റിക് വള്ളികള്‍ കൊണ്ട് വാഴകളെ പരസ്പരം ബന്ധിപ്പിച്ചും കാറ്റിനെ ചെറുക്കുന്ന രീതി കര്‍ഷകര്‍ അവലംബിക്കുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള മുന്‍കരുതലെടുക്കാന്‍ കര്‍ഷകര്‍ തയ്യാറെടുത്തുവരുന്ന സമയത്താണ് പ്രതീക്ഷിക്കാതെ കാറ്റും മഴയുമെത്തി കഴിഞ്ഞ ദിവസം നാശം വിതച്ചത്. വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വാഴകളെ സംരക്ഷിക്കാനുള്ള തിരക്കിട്ട പണികളിലാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it