Alappuzha local

വേനലിനെ അതിജീവിച്ച് കുട്ടനാട്ടില്‍ രണ്ടാംകൃഷി പുരോഗമിക്കുന്നു



ഹരിപ്പാട്: കടുത്ത വേനലും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുമ്പോഴും അപ്പര്‍ കുട്ടനാട്ടിലെ വീയപുരത്ത് രണ്ടാംകൃഷി പുരോഗമിക്കുന്നു. വീയപുരം കൃഷി ഭവന്‍ പരിധിയിലെ മുണ്ടുതോട്-പോളത്തുരുത്ത്, അച്ചനാരി-കുട്ടങ്കേരി, കട്ടക്കുഴി, തേവേരി, വാര്യത്ത് പോച്ച പാടശേഖരങ്ങളിലാണ് രണ്ടാംകൃഷി പുരോഗമിക്കുന്നത്. പുഞ്ചക്കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ ഇതുവരെ മാടുകളെ ഉപയോഗിച്ച് പൊടിക്കടിച്ചായിരുന്നു രണ്ടാംകൃഷിയിറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഘടന തന്നെ മാറി. ഇപ്പോള്‍ പാടത്ത് വെള്ളം കയറ്റി പറ്റിച്ച് വിതയിറക്കുകയാണ് ചെയ്യുന്നത്. അതേസമയം 20 ദിവസം പിന്നിട്ട പാടശേഖരങ്ങളില്‍കടുത്ത ജലക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പാടശേഖരങ്ങളേക്കാള്‍ നദികളിലെയും തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന നിലയിലാണ്. പമ്പിങ് നടത്തിയോ, ചക്രമുപയോഗിച്ചോ കൃഷിയിടങ്ങളില്‍ ജലമെത്തിക്കുന്നതിന് കര്‍ഷകര്‍ ഏറെ സാഹസപ്പെടേണ്ടിവരും.മുന്‍കാലങ്ങളില്‍ പുറംബണ്ടു ബലപ്പെടുത്തി നാമമാത്ര പാടശേഖരങ്ങളില്‍ മാത്രമായിരുന്നു രണ്ടാംകൃഷി ഇറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടാംകൃഷി വ്യാപകമായി നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ രണ്ടാംകൃഷിക്ക് സര്‍ക്കാര്‍ തലത്തില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ ഏക്കറിന് 1900 രൂപ ആനുകൂല്യം ലഭിക്കുമെന്ന പ്രത്യേകതയും കര്‍ഷകരെ രണ്ടാംകൃഷിയിലേക്ക് ആകര്‍ഷിക്കുന്നു. പുഞ്ചകൃഷിയില്‍ കാണിക്കുന്ന ആവേശത്തോടെയാണ് രണ്ടാം കൃഷിയുടെ ഒരുക്കങ്ങളും പുരോഗമിക്കുന്നത്. മാത്രമല്ല മുന്‍കാലങ്ങളിലേതു പോലെ ശക്തമായ വെള്ളപ്പൊക്കത്തിനുള്ള സാധ്യതകളും ഉണ്ടാവില്ലെന്ന് കര്‍ഷകര്‍ കണക്കുകൂട്ടുന്നു. രണ്ടാംകൃഷിയിറക്കുന്നതിന് പാടശേഖരസമിതികളുടെ നേതൃത്വത്തില്‍ ശക്തമായ പിന്തുണയും നല്‍കിവരുന്നു.
Next Story

RELATED STORIES

Share it