palakkad local

വേതന കുടിശ്ശിക: റവന്യൂ വകുപ്പിന്റെ രാത്രികാല സ്‌ക്വാഡ് നിശ്ചലം

സി കെ ശശിപച്ചാട്ടിരി
ആനക്കര: വയല്‍നികത്തലും മണ്ണ്, മണല്‍ കടത്തലുള്‍പ്പടെയുള്ള പ്രകൃതി നശീകരണ പ്രവര്‍ത്തികള്‍ക്ക് തടയിടുന്നതിനായി ജില്ലയില്‍ രൂപവല്‍ക്കരിച്ച റവന്യൂ സ്‌ക്വാഡ് നിശ്ചലം. പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തില്‍ തൃത്താല മേഖലയില്‍ തുടര്‍ന്നുവന്നിരുന്ന ടീം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
മേഖലയില്‍ ഏറെകുറെ രാത്രികാല മണ്ണ്, മണല്‍ കടത്ത് തടയാനും മറ്റും ഇത്തരം സ്‌ക്വാഡ് ഏറെ ഗുണകരമാവുന്നതായിരുന്നു. അതിനിടെ പട്ടാമ്പിക്കടുത്ത് വിളയൂരില്‍ മണല്‍കടത്തുസംഘത്തിലെ ഒരുയുവാവ് പരിശോധന സംഘത്തെകണ്ട് ഭയന്നോടുകയും പിന്നീട് വെള്ളത്തില്‍ വീണ് മരിക്കുകയും ചെയ്തിരുന്നു. ഈസംഭവത്തില്‍ റവന്യൂവകുപ്പിനെതിരെ കുറ്റംചുമത്തി മാഫിയസംഘം ഉയര്‍ത്തിയ വിവാദത്തില്‍ കുരുങ്ങി സ്‌ക്വാഡ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുന്നതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നത് പ്രവര്‍ത്തനം തടസ്സപെടാന്‍ കാരണമായി. സ്‌ക്വാഡിന് സംരക്ഷണം നല്‍കാന്‍ പോലിസിന്റെ ഭാഗത്തുനിന്നുള്ള പോരായ്മകളും ഉദ്യോഗസ്ഥരുടെ ഭയാശങ്ക വര്‍ധിപ്പിച്ചു. അതേസമയം, റവന്യൂവകുപ്പിന്റെ വാഹനത്തിന് സാരഥിയായി ഒരാള്‍ മാത്രമാണ് നിലവിലുള്ളത്. ഇദ്ദേഹം പകല്‍സമയം  ജോലിചെയ്തു ക്ഷീണിക്കുന്നതിനാല്‍ രാത്രികാലത്ത് പുറമെ നിന്നുള്ള ഡ്രൈവര്‍മാരെയാണ് നിയോഗിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് യഥാസമയം വേതനം നല്‍കുന്നതിന് കഴിയാതെ വന്നതോടെ ഈ ഇനത്തില്‍ മുക്കാല്‍ലക്ഷം വരെ കുടിശ്ശികയായി കിടക്കുകയാണന്നതാണ് വിവരം. ആര്‍എംഎസില്‍ നിന്നും ഫണ്ട് അനുവദിച്ചുകിട്ടാത്തതാണ് പ്രശ്‌നം. തൃത്താല മേഖലയില്‍ പോലിസ് രാത്രികാല പട്രോളിങ്ങ് നടത്തുന്നുണ്ടങ്കിലും ലഹരി വസ്തുക്കളുടെ പുറകെയാണ് ഇപ്പോഴത്തെ ട്രെന്റ് എന്നതിനാല്‍ മണ്ണും മണലും വയല്‍നികത്തലും യഥേഷ്ടം നടക്കുന്നു. ചാലിശ്ശേരി പരിധിയില്‍ എസ്‌ഐ ഇല്ലാത്തതിനാല്‍ ഈ വഴിയാണ് രാത്രികാല മണല്‍കടത്ത്. കപ്പൂര്‍ പള്ളങ്ങാട്ടുചിറ റോഡിലൂടെ രാത്രിമുതല്‍ വെളുപ്പാന്‍കാലം വരെ മണല്‍ വാഹനങ്ങളുടെ തേരോട്ടമാണെന്ന് പ്രദേശത്തുകാര്‍ ചൂണ്ടികാട്ടുന്നു. ഇത്തരത്തില്‍ റവന്യൂസംഘത്തിന്റെ പ്രവര്‍ത്തന അഭാവമാണ് തൃത്താല മേഴത്തൂരിലും തലക്കശ്ശേരി തുടങ്ങിയ നിരവധി മേഖലകളില്‍ അടുത്തകാലത്തായി രാത്രിയില്‍ വയല്‍നികത്താന്‍ പ്രേരിതമായഘടകം.
Next Story

RELATED STORIES

Share it