വേട്ടക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന്

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പക്ഷികളുടെ ഡിജിറ്റല്‍ വിവരശേഖരണം വേട്ടക്കാര്‍ക്ക് സഹായകമാവുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പക്ഷിനിരീക്ഷകര്‍. അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല തയ്യാറാക്കിയ ഇ ബേര്‍ഡ് ആപ്ലിക്കേഷനിലാണ് പക്ഷികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ദുരുപയോഗം ചെയ്യാമെന്നും ഇത് സംരക്ഷിത വനമേഖലയിലെ അപൂര്‍വയിനം പക്ഷികളുടേതടക്കമുള്ള വിവരങ്ങള്‍ വേട്ടക്കാര്‍ക്ക് ലഭിക്കാന്‍ സഹായകമാവുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ വനം വകുപ്പും പക്ഷിനിരീക്ഷകരും തള്ളിക്കളഞ്ഞു. ആശങ്കയുടെ  അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തന്നെ ഇ-ബേര്‍ഡ് ആപ്ലിക്കേഷനില്‍ ശക്തമായ നടപടികള്‍ എടുത്തിരുന്നു. വംശനാശ, വേട്ടയാടല്‍ ഭീഷണി നേരിടുന്ന പക്ഷികളെ കൃത്യമായി എവിടെ കാണാം എന്ന വിവരം ഡിജിറ്റല്‍ വിവരശേഖരണത്തിലൂടെ കാണാന്‍ കഴിയില്ല. അത്തരം പക്ഷികളെ സെന്‍സിറ്റീവ് എന്ന കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. വംശനാശ ഭീഷണിയുള്ള ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് എന്ന പക്ഷിയെ പോലുള്ളവയെ ഇ ബേര്‍ഡിലൂടെ തിരഞ്ഞാല്‍ ലൊക്കേഷന്‍ കിട്ടില്ലെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിനാണ് കേരളത്തിന്റെ ബേര്‍ഡ് അറ്റ്‌ലസ് തയ്യാറാക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. പക്ഷികള്‍ കൂടുകൂട്ടിയ ചിത്രങ്ങള്‍ ലൊക്കേഷനടക്കം ഇ ബേര്‍ഡില്‍ നല്‍കുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍, ഇ ബേര്‍ഡില്‍ ഇത്തരം ചിത്രങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് പക്ഷിനിരീക്ഷകര്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു. 1500 ലധികം പക്ഷിസ്‌നേഹികള്‍  നടത്തുന്ന പക്ഷി സര്‍വേയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. വേട്ടയാടുന്നവര്‍ക്ക് ഇതെല്ലാം ഉപകാരപ്പെടുമെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് മണ്ണുത്തി സര്‍വകലാശാല വന്യജീവി വിഭാഗം മേധാവി ഡോക്ടര്‍ പി ഒ നമീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it