kannur local

വേങ്ങാട് മഹല്ല് കമ്മിറ്റി തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം പാളി

അഞ്ചരക്കണ്ടി: പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പില്ലാതെ ഏകപക്ഷീയ ഭരണം നിലനില്‍ക്കുന്ന വേങ്ങാട് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയിലേക്ക് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമം പാളി. തിരഞ്ഞെടുപ്പ് അനിശ്ചിതമായി വൈകിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളുടെ അടുത്ത ബന്ധുക്കളായ ഏതാനും സ്ത്രീകളെ ഉപയോഗിച്ച് ഒരുവിഭാഗം നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെയാണ് 17 വര്‍ഷമായി തിരഞ്ഞെടുപ്പ് നടത്താതെ മഹല്ല് ഭരണം കൈയാളുന്നവര്‍ക്ക് കനത്ത തിരിച്ചടിയായത്.
എസ്‌വൈഎസ് (ഇ കെ വിഭാഗം) ജില്ലാ ഖജാഞ്ചി കെ പി ഉസ്മാന്‍ ഹാജിയാണ് മഹല്ല് സെക്രട്ടറി. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താത്തത് വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷം നിലനില്‍ക്കുകയാണ്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയമായി രൂപീകരിച്ച വേങ്ങാട് മഹല്ല് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ 2017 ഏപ്രിലില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ട കോടതി, മേല്‍നോട്ട നടപടിക്രമങ്ങള്‍ക്കായി വഖ്ഫ് ബോര്‍ഡിനെ ചുമതലപ്പെടുത്തി. എന്നാല്‍, വഖ്ഫ് ബോര്‍ഡ് ഭരണസമിതിയിലെ ചില അംഗങ്ങള്‍ സ്വാധീനം ചെലുത്തി തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമിച്ചു.
മഹല്ല് കമ്മിറ്റിക്കും വഖ്ഫ് ബോര്‍ഡിനുമെതിരേ 2018 ഏപ്രിലില്‍ മഹല്ല് ഓര്‍ഗനൈസേഷന്‍ കോടതിയലക്ഷ്യ ഹരജി നല്‍കി. തുടര്‍ന്ന് മഹല്ല് ഭാരവാഹികള്‍ ബന്ധുക്കളായ സ്ത്രീകളെ ഉപയോഗിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇരുസമസ്തകളുടെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി
മഹല്ല് കമ്മിറ്റിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. മഹല്ല് സെക്രട്ടറിയുടെ ഡ്രൈവറുടെ ഭാര്യയും വീട്ടുജോലിക്കാരിയും മഹല്ല് എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗത്തിന്റെ ഭാര്യയും പരാതി നല്‍കിയവരില്‍ ഉള്‍പ്പെടും. എന്നാല്‍, വിശദമായ വാദം കേട്ട ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളി.
ഇത്തരമൊരു തര്‍ക്കത്തിന് പൊതുനിയമ സംവിധാനത്തില്‍ പരിഹാരം കാണാനാവില്ലെന്നും മറ്റേതെങ്കിലും സംവിധാനത്തില്‍ പരാതി നല്‍കാന്‍ ഹരജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതിയുടെ നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it