malappuram local

വേങ്ങര: പ്രചാരണം ഇന്നു കൊട്ടിയിറങ്ങും



മലപ്പുറം: പ്രചാരണത്തിനു വീറും വാശിയും നല്‍കിയ വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിയിറക്കം. ഇനി 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം. തുടര്‍ന്ന് വേങ്ങരയുടെ വിധിയെഴുതാന്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറെ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട വേങ്ങര ഉപതിരഞ്ഞെടുപ്പിന് വീറും വാശിയും നല്‍കിയ പ്രചാരണമാണ് കഴിഞ്ഞുപോയത്. ഇന്നു വൈകീട്ട് അഞ്ചോടെ പരസ്യപ്രചാരണത്തിന് സമാപനമാവും.തുടര്‍ന്ന് സ്ഥാനാര്‍ഥികളും അണികളും ശബ്ദകോലാഹലങ്ങളില്ലാതെ വോട്ടുറപ്പിക്കാന്‍ രംഗത്തുണ്ടാവും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് പോലിസ് ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് പലയിടങ്ങളിലും കലാശക്കൊട്ട് ഒഴിവാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് ആറുവരെ മലപ്പുറം, പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ കാരാത്തോട് മുതല്‍ കൂരിയാട് വരെ പ്രചാരണ വാഹനങ്ങളോ മറ്റോ അനുവദിക്കുന്നതല്ല.  മണ്ഡലത്തിലെ അതാത് പഞ്ചായത്തുകളില്‍ വച്ച് കലാശക്കൊട്ട് നടത്താവുന്നതാണ്.  വേങ്ങര പോലിസ് അറിയിച്ചു. ഉശിരുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വേങ്ങര സാക്ഷ്യംവഹിച്ചത്. ഉപതിരഞ്ഞെടുപ്പായതിനാല്‍ തന്നെ പ്രധാനമായും മല്‍സരക്കളത്തിലുള്ള മുന്നണികളുടെ സമീപ മണ്ഡലത്തിലെ അണികളെല്ലാം പ്രചാരണത്തിനായി വേങ്ങരയിലെത്തിയതോടെ പ്രചാരണം ശരിക്കും ചൂടുള്ളുതായി. അണികള്‍ക്കു പുറമേ നേതാക്കളുടെ പട തന്നെയാണ് വേങ്ങരയിലെത്തിയത്. പ്രചാരണ ചൂട് പകര്‍ത്താന്‍ മലയാളത്തിലെ എല്ലാ ന്യൂസ് ചാനലുകളുടെയും അര ഡസനോളം യൂനിറ്റുകളാണ് വേങ്ങരയിലെത്തിയത്. ദൃശ്യമാധ്യമങ്ങളുടെ ഒബി വാനുകളുടെ ചീറിപ്പാച്ചിലുകളായിരുന്നു വേങ്ങരയുടെ നിരത്തുകളില്‍. വേങ്ങര ശരിക്കും തിരഞ്ഞെടുപ്പ് ആഘോഷമാക്കുകയായിരുന്നു. പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ എല്ലാ സ്ഥാനാര്‍ഥികളും ഒപ്പത്തിനൊപ്പം മുന്നേറി. റോഡ് ഷോകളും താളമേളങ്ങളും പ്രചാരണത്തിന് കൊഴുപ്പേകി. പ്രാദേശിക ദേശീയ അന്തര്‍ ദേശീയ വിഷയങ്ങള്‍ വരെ വേങ്ങരയില്‍ ചര്‍ച്ച ചെയ്തു. കുടുംബ യോഗങ്ങളിലൂടെ അടിത്തട്ടിലേക്കിറങ്ങിയുള്ള പ്രചാരണമാണ് അവസാന റൗണ്ടി ല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറത്തെടുത്തത്.
Next Story

RELATED STORIES

Share it