thiruvananthapuram local

വെള്ളായണി കായലിന്റെ പരിസരങ്ങളില്‍ മാലിന്യം നിക്ഷേപം



തിരുവനന്തപുരം : ജില്ലയിലെ പ്രധാന ശുദ്ധജല സ്രോതസായ വെള്ളായണി കായലിന്റെ പരിസരങ്ങളില്‍ വന്‍തോതില്‍ മാലിന്യം വലിച്ചെറിയുന്നത് കായലിന് ഭീഷണി ഉയര്‍ത്തുന്നു. വെള്ളായണി കായലിനെയും കരമനയാറിനെയും ബന്ധിപ്പിക്കുന്ന തോടിന്റെ വശത്താണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ലോറികളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും കൊണ്ടുതള്ളിയതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. അര്‍ധരാത്രിയ്ക്കുശേഷമാകും ലോറികളില്‍ മാലിന്യം കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. നൂറുകണക്കിനാളുകള്‍ കുളിക്കാനും കുടിവെള്ളമെടുക്കാനും ആശ്രയിക്കുന്ന തോടിന്റെ വശത്താണ് അജ്ഞാതര്‍ മാലിന്യം തള്ളിയിരിക്കുന്നത്. പ്രഭാത സവാരിക്കാരും ദേശാടനപ്പക്ഷികളുടെ ചിത്രങ്ങളെടുക്കാന്‍ വരുന്നവരും തോടിന്റെ പരിസരത്തുനിന്നുള്ള ദുര്‍ഗന്ധം സഹിക്കാനാകാതെ ചെന്നുനോക്കിയപ്പോഴാണ് കുന്നുകൂടിയ മാലിന്യംകാണപ്പെട്ടത്. നിരവധി പഞ്ചായത്തുകള്‍ക്കും വിഴിഞ്ഞം പദ്ധതിക്കും ശുദ്ധജലമെത്തിക്കുന്നത് വെള്ളായണി കായലില്‍ നിന്നാണ്. വേനല്‍ കടുത്ത് ജലക്ഷാമം രൂക്ഷമായതോടെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും രാവിലെയും വൈകിട്ടും നൂറുകണക്കിനാളുകള്‍ കുളിക്കാനും ശുദ്ധജലം ശേഖരിക്കാനും ഇവിടെയെത്തുന്നു. അടുത്തിടെ മൂക്കുന്നിമലയില്‍ തീപിടുത്തമുണ്ടായപ്പോള്‍ ഹെലികോപ്ടറില്‍ കായലിലെ ജലം കൊണ്ടുപോയാണ് കെടുത്തിയത്. കായലിലെ ജലം ഇപ്പോള്‍ ഗണ്യമായി കുറഞ്ഞു. ശേഷിക്കുന്ന ഭാഗത്ത് താമരയിലകള്‍ മൂടിക്കിടക്കുന്നു. ഇവ മാറ്റണമെന്ന ആവശ്യം അധികൃതര്‍ കേട്ട ഭാവം നടിക്കുന്നില്ല. വെള്ളായണി കായല്‍ സംരക്ഷണത്തിനുള്ള നിരവധി പദ്ധതികള്‍ ഇപ്പോഴും കടലാസിലുറങ്ങുന്നു. കായലിന് സമീപം രഹസ്യമായി മാലിന്യനിക്ഷേപം നടത്തിയതിനെതിരെ നേമം പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it