Kollam Local

വെള്ളംതെറ്റി ആദിവാസി ഊരിലെ കുട്ടികള്‍ സ്‌കൂളിലെത്തി



പത്തനാപുരം:പുത്തനുടുപ്പും ബാഗുമായി അവര്‍ പള്ളിക്കുടത്തിലെത്തി. അധ്യായന വര്‍ഷം ആരംഭിച്ചിട്ടും സ്‌കൂളില്‍ പോകാനാകാതെ വിഷമിച്ചിരുന്ന വനവാസി കുട്ടികളുടെ വാര്‍ത്ത കഴിഞ്ഞ ദിവസം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. പാടം കിഴക്കേ വെള്ളംതെറ്റി ആദിവാസി കോളനിയിലെ കുട്ടികളായിരുന്നു വാഹന സൗകര്യമില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാനാകാതെ പഠനം നഷ്ടപ്പെട്ട് ഊരുകളില്‍ കഴിഞ്ഞിരുന്നത്. വാഹന സൗകര്യമില്ലാത്ത ആദിവാസി ഊരുകളിലെ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുന്നതിനുള്ള ഗോത്രസാരഥി പദ്ധതി ഈ അധ്യായന വര്‍ഷം സര്‍ക്കാര്‍ നടപ്പാക്കാഞ്ഞതോടെയാണ് ഇവരുടെ പഠനം മുടങ്ങിയത്. പ്രതിഷേധം ശക്തമായപ്പോള്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് താല്‍ക്കാലിക ഗോത്രസാരഥി സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാവുകയായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ജീപ്പ് ആദിവാസി ഊരിലെത്തി. ഹര്‍ഷാവരത്തോടെയാണ് ഊരു നിവാസികള്‍ ഗോത്രസാരഥിയെ വരവേറ്റത്. പട്ടിക വര്‍ഗ്ഗ വകുപ്പ് നേരിട്ടാണ് ജീപ്പ് ഉടമയ്ക്ക് വാടക നല്‍കുന്നത്. പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാലാണ് ഇത്. നിലവില്‍ സ്‌കൂള്‍ തുറന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലയിലെ ഒരു സ്‌കൂളിലും ഇതുവരെ പദ്ധതിക്കായി പട്ടിക വര്‍ഗ്ഗ വകുപ്പ് അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. കിഴക്കേ വെള്ളംതെറ്റിയില്‍ നിന്നും പതിനഞ്ച് കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം വരെ മുടങ്ങാതെ സ്‌കൂളില്‍ എത്തിയിരുന്നത്. വനത്തിലൂടെ ആറ് കിലോ മീറ്റര്‍ കാല്‍നട യാത്ര ചെയ്ത് വേണം പാടം ഗവ. എല്‍പി സ്‌കൂളില്‍ എത്താന്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനയടക്കമുളള വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പതിവായതിനാല്‍ ഊരുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവിടുത്തുകാര്‍. അതിനാല്‍ കുട്ടികളെ കാല്‍നടയാത്രയായി കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളില്‍ എത്തിക്കുവാനും കഴിഞ്ഞിരുന്നില്ല. മെയ് മാസത്തില്‍ തന്നെ അപേക്ഷ ക്ഷണിച്ച് അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നടപ്പാക്കേണ്ട പദ്ധതിയാണ് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നടപ്പാക്കിയത്. സ്‌കൂളിലെത്തിയ കുട്ടികളെ സഹപാടികളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. കുറച്ച് താമസിച്ചാണെങ്കിലും കൂട്ടുകാരെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അവര്‍.
Next Story

RELATED STORIES

Share it