Flash News

വെടിവയ്പ്: ഭരണകൂട ഭീകരത- പോപുലര്‍ഫ്രണ്ട്‌

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ഫാക്ടറി കൂട്ടക്കൊലയെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എ ഖാലിദ് ശക്തമായി അപലപിച്ചു. പരിസ്ഥിതിക്ക് ആപല്‍ക്കരമായ സ്റ്റര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടിയിലെ ജനങ്ങള്‍ തുടര്‍ച്ചയായി പ്രക്ഷോഭം സംഘടിപ്പിച്ചുവരികയായിരുന്നു.
എന്നാല്‍, സമാധാനപരമായി നടന്ന പ്രതിഷേധത്തെയും ആവശ്യങ്ങളെയും അധികൃതര്‍ തള്ളിക്കളയുകയായിരുന്നു. പ്രതിഷേധം നൂറുദിനം പിന്നിട്ട ശേഷമാണ് തങ്ങളെ അതിജീവിക്കാന്‍ അനുവദിക്കുക’എന്ന ബാനറില്‍ ജില്ലാ കലക്ടറുടെ ഓഫിസിന് മുമ്പില്‍ പ്രതിഷേധക്കാര്‍ വന്‍ റാലി സംഘടിപ്പിച്ചത്. ഇവിടെ സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് പോലിസ് വെടിവച്ച് വീഴ്ത്തിയത്.
13 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഭീകരതയാണെന്നും മൃഗീയമായ കൂട്ടക്കൊലയെ ശക്തമായി അപലപിക്കുന്നതായും പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കി. മനുഷ്യജീവന് ഭീഷണിയായ ആപല്‍ക്കരവും ഹാനികരവുമായ ഒന്നിനും സര്‍ക്കാര്‍ അനുമതി നല്‍കാന്‍ പാടില്ലായിരുന്നു.
നിര്‍ഭാഗ്യവശാല്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതിനു പകരം സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ വിനാശകാരിയായ സ്റ്റര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ഫാക്ടറിക്ക് അനുമതി നല്‍കി തങ്ങളുടെ കോര്‍പറേറ്റ് യജമാനന്‍മാര്‍ക്ക് പാദസേവ ചെയ്യുന്ന കാഴ്ചയാണ് കാണാനാവുന്നത്.
അക്രമത്തിലൂടെ നിയമപരമായ ആവശ്യങ്ങളെയും പ്രതിഷേധത്തെയും അടിച്ചമര്‍ത്താമെന്നത് വ്യാമോഹമാണ്. പോലിസും സര്‍ക്കാരും നടത്തിയ ഭരണകൂട നരനായാട്ടിനെതിരേ തമിഴ്‌നാട് ജനത മുന്നോട്ടു വരണമെന്നും വിനാശകാരിയായ സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ ഫാക്ടറി അടച്ചുപൂട്ടണമെന്നും പോപുലഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it