wayanad local

വൃദ്ധ സദനങ്ങള്‍ പുതുക്കിപ്പണിയും : മന്ത്രി കെ കെ ശൈലജ



കല്‍പ്പറ്റ: കേരളത്തിലെ വൃദ്ധസദനങ്ങളുടെ നടത്തിപ്പ് കര്‍ശനമായി പരിശോധിക്കുമെന്നും എല്ലാ വൃദ്ധസദനങ്ങളും പുതുക്കിപ്പണിയുമെന്നും ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജ പറഞ്ഞു. ജില്ലാ പഞ്ചായത്ത് തുടങ്ങിയ സമഗ്ര വയോജനക്ഷേമ വികസന പദ്ധതി 'പുനര്‍ജനി'യുടെ ഉദ്ഘാടനം ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പലയിടങ്ങളിലും വൃദ്ധര്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വൃദ്ധസദനങ്ങളുടെ നടത്തിപ്പും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നത്. നടത്തിപ്പിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. റിപോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. പ്രായമായവര്‍ക്കായി സംസ്ഥാനത്ത് 70 പകല്‍ വീടുകള്‍ ആരംഭിക്കും. എല്ലാ നഗരസഭകളിലും വയോമിത്രം പദ്ധതി ആരംഭിക്കാനും ആയുര്‍വേദവുമായി ബന്ധപ്പെട്ട് വയോഅമൃതം പദ്ധതി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കും. വയോജന സൗഹൃദ കേന്ദ്രങ്ങളില്‍ സഹായത്തിനായി ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഒരുക്കാനും ശ്രമിക്കുമെന്നു മന്ത്രി പറഞ്ഞു. സമൂഹത്തില്‍ ഒറ്റപ്പെടുന്ന വയോജനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് ആരംഭിച്ച പുനര്‍ജനി മാതൃകാ പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒ ആര്‍ കേളു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, എഡിഎം കെ എം രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, കല്‍പ്പറ്റ നഗരസഭാ അധ്യക്ഷ ഉമൈബ മൊയ്തീന്‍കുട്ടി, സുല്‍ത്താന്‍ ബത്തേരി നഗരസഭാധ്യക്ഷന്‍ സി കെ സഹദേവന്‍, മാനന്തവാടി നഗരസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖന്‍, ടി എസ് ദിലീപ് കുമാര്‍, ലത ശശി, പ്രീത രാമന്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ അനില തോമസ്, പി കെ അനില്‍കുമാര്‍, എ ദേവകി, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ഡാര്‍ലി ഇ പോള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it