wayanad local

വൃദ്ധയുടെ കണ്ണില്‍ നിന്ന് 12 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു



മാനന്തവാടി: തരുവണ സ്വദേശിനിയായ 80കാരിയുടെ കണ്ണില്‍ നിന്ന് ഏകദേശം 12 സെന്റിമീറ്ററോളം നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. വളരെ അപൂര്‍വമായി മാത്രം മനുഷ്യരില്‍ കാണുന്ന ഡൈറോഫൈലേറിയ വിഭാഗത്തില്‍പെട്ട വിരയെയാണ് പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. റൂബിയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. കണ്ണില്‍ പൊടി കുടുങ്ങിയതു പോലെ തോന്നിയ വൃദ്ധ ഡോക്ടറെ സമീപിക്കുകയായിരുന്നു. ജില്ലാ ആശുപത്രി ഒപിയില്‍ ഡോ. ഷാലോസിനെ സമീപിച്ച വൃദ്ധയെ വിദഗ്ധ പരിശോധനയ്ക്കായി ഓപറേഷന്‍ തിയേറ്ററിലുണ്ടായിരുന്ന ഡോ. റൂബിക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണില്‍ വിരയുടെ സാന്നിധ്യമറിഞ്ഞത്. അപ്പോള്‍ തന്നെ വൃദ്ധയുടെ കണ്ണില്‍ നിന്ന് വിരയെ പുറത്തെടുക്കുകയായിരുന്നു. 40 ഇനങ്ങളിലായുള്ള ഡൈറോഫൈലേറിയ വിരകളില്‍ ആറ് വിഭാഗങ്ങള്‍ മാത്രമാണ് അബദ്ധവശാല്‍ മനുഷ്യ ശരീരത്തിലെത്തിപ്പെടാന്‍ സാധ്യതയുള്ളത്.നായകളിലും ചില വന്യമൃഗങ്ങളിലുമാണ് ഇത്തരം വിരകള്‍ സാധാരണ കാണുന്നത്. കൊതുകിലൂടെ ഒരു മൃഗത്തില്‍ നിന്നു മറ്റൊരു മൃഗത്തിലേക്കുള്ള പ്രയാണത്തില്‍ അബദ്ധവശാലാണ് ഇവ മനുഷ്യനിലെത്തുന്നത്. മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്കോ ജീവികളിലേക്കോ പടരില്ല. അതിനാല്‍ വിരയുടെ ജീവചക്രം അതാതു മനുഷ്യരില്‍ തന്നെ അവസാനിക്കും. മനുഷ്യ ശരീരത്തിലാവട്ടെ, വളരെ അപൂര്‍വമായി മാത്രമാണ് കണ്ണില്‍ വിരകള്‍ കാണുന്നത്. ശ്രീലങ്കയോട് അടുത്തുകിടക്കുന്ന കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് മനുഷ്യശരീരത്തില്‍ ഇത്തരത്തിലുള്ള വിരകള്‍ കാണപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ 1976ലാണ് ആദ്യമായി മനുഷ്യ ശരീരത്തില്‍ ത്വക്കിനടിയിലായി ഡൈറോഫൈലേറിയന്‍ വിരയെ കണ്ടത്.
Next Story

RELATED STORIES

Share it