Kottayam Local

വൃദ്ധയുടെ കച്ചവട സാധനങ്ങള്‍ വലിച്ചെറിഞ്ഞതായി പരാതി

കോട്ടയം: വഴിയോരത്ത് കച്ചവടം ചെയ്തു വന്ന വൃദ്ധയുടെ കച്ചവട സാധനങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സെയില്‍സ്മാന്‍ വലിച്ചെറിഞ്ഞു. ടിബി റോഡില്‍ തിരുനക്കര മൈതാനത്തിനു സമീപമാണ് സംഭവം.
കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഇവിടെ പച്ചക്കറി സാധനങ്ങളും മറ്റും ചില്ലറയായി വിറ്റുവന്ന മൂലവട്ടം സ്വദേശി ഫാത്തിമ(70)യാണ് ആക്രമണത്തിന് ഇരയായത്.
വര്‍ഷങ്ങളായി പാതയോരത്ത് കച്ചവടം ചെയ്ത് കിട്ടുന്ന കുറഞ്ഞ വരുമാനത്തിലാണ് ഫാത്തിമയും കുടുംബവും കഴിഞ്ഞ് വരുന്നത്. അസുഖബാധിതനായ ഭര്‍ത്താവിന്റെ ചികില്‍സാ ചെലവ് അടക്കം ഫാത്തിമയുടെ വരുമാനത്തില്‍ നിന്നാണ് പെണ്‍മക്കളെ വിവാഹം കഴിച്ച് വിട്ടതും. ജീവിതം തള്ളിനീക്കാന്‍ ആകെ ഉണ്ടായിരുന്ന കച്ചവടം ഇല്ലാതാക്കാന്‍ കുറച്ചുനാളുകളായി സമീപത്തെ വന്‍കിട കച്ചവടക്കാരന്‍ ശ്രമിച്ച് വരികയായിരുന്നു.
ഫുട്പാത്തില്‍ ടൈയില്‍ വിരിച്ചതിന്റെ മറപിടിച്ച് ഫാത്തിമയുടെ കച്ചവടസ്ഥലം ഇരുമ്പ് ഗ്രില്ല് ഉപയോഗിച്ച് കെട്ടിയടയ്ക്കുകയായിരുന്നു. പുറമ്പോക്കിലാണു കച്ചവടം ചെയ്തു വന്നത്. ആരുടെയും സ്വകാര്യ സ്ഥലത്തല്ലെന്നു വൃദ്ധ ചൂണ്ടിക്കാട്ടി. ഫുട്പാത്തില്‍ കച്ചവടം ചെയ്യുന്നവരെ മുമ്പ് നഗരസഭ ഒഴിപ്പിച്ചെങ്കിലും തന്റെ ജീവിത മാര്‍ഗം ഇല്ലാതാക്കാന്‍ അവര്‍ മുതിര്‍ന്നില്ലെന്നു ഫാത്തിമ പറഞ്ഞു.
Next Story

RELATED STORIES

Share it