Flash News

വീഴ്ചകള്‍ നിരവധി; പാഠം പഠിക്കാതെ കേരള പോലിസ്

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരള പോലിസിന്റെ തുടര്‍ച്ചയായ വീഴ്ചകളില്‍ ഒടുവിലത്തെ സംഭവമാണ് കെവിന്റെ കൊലപാതകം. പോലിസ് കസ്റ്റഡി മരണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍, രണ്ടുവര്‍ഷത്തിനിടെ പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായ നിരവധി സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്.
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികളിലും പോലിസ് പാഠം പഠിച്ചില്ല. നിരപരാധിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് തല്ലിക്കൊല്ലുകയാണ് വരാപ്പുഴയില്‍ ചെയ്തത്. റൂറല്‍ എസ്പി എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നായിരുന്നു അന്വേഷണത്തിലെ നേട്ടമായി മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, എസ്പിക്കെതിരേ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് വീട്ടുകാരുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിയമോപദേശം തേടി കാത്തിരിക്കുകയാണ്.  സിഐ അടക്കം 10 പോലിസുകാരെ അറസ്റ്റ്‌ചെയ്യുക മാത്രമാണ് ഈ കേസിലുണ്ടായത്.  കോവളത്ത് ലാത്വിയന്‍ സ്വദേശിയെ കാണാതായെന്ന് സഹോദരി പരാതിപ്പെട്ടിട്ടും ആദ്യദിവസങ്ങളില്‍ പോലിസ് ഒന്നും ചെയ്യാതിരുന്നു. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം കോവളം ബീച്ചിനടുത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാളില്‍ തിയേറ്ററിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ തെളിവുസഹിതം പരാതിപ്പെട്ടിട്ടും പോലിസ് അനങ്ങിയില്ല. വിവാദമായതോടെ പ്രതിക്കെതിരേ കേസെടുത്തു. പരാതി പൂഴ്ത്തിയ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ച യുവാവിനെ കരുനാഗപ്പള്ളിയില്‍ വീടുകയറി എസ്‌ഐയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി അറസ്റ്റ് ചെയ്ത് മര്‍ദിച്ച് അവശനാക്കി. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് സംസ്ഥാനവ്യാപകമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരേയും പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും യുഎപിഎ ചുമത്തി പോലിസ് കേസെടുത്തത്. ഭരണതലത്തില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് പോലിസിന് യുഎപിഎ ഒഴിവാക്കേണ്ടിവന്നു. ജിഷ്ണു വധക്കേസില്‍ പരാതി നല്‍കാനെത്തിയ മാതാവ് ഉള്‍പ്പെടെയുള്ളവരെ പോലിസ് ആസ്ഥാനത്ത് മര്‍ദിച്ച് അവശരാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഏറ്റവും ഒടുവിലാണ് കോട്ടയത്തുണ്ടായ ക്രൂരമായ ദുരഭിമാനക്കൊല.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ പോലിസ് അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോള്‍ പൊലിഞ്ഞത് ഒരു ദലിത് യുവാവിന്റെ ജീവനാണ്. കോട്ടയം കേസിലും പതിവുപോലെ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്യുകയും എസ്പിയെ സ്ഥലംമാറ്റുകയുമാണ് ഉണ്ടായിരിക്കുന്നത്. സസ്‌പെന്‍ഷനിലായവര്‍ വൈകാതെ സര്‍വീസില്‍ തിരിച്ചെത്തുകയും സ്ഥലംമാറ്റിയവര്‍ മറ്റു സ്ഥലങ്ങളില്‍ ജോലി തുടരുകയും ചെയ്യുന്നു. അല്ലാതെ ഇതുവരെയുള്ള സംഭവങ്ങളില്‍ ഒരു പോലിസുകാര്‍ക്കെതിരേ പോലും കൊലക്കുറ്റം ചുമത്തി കേസെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായിട്ടില്ല. എഎസ്‌ഐ മുതല്‍ സിഐ വരെയുള്ള 18 പോലിസ് ഉദ്യോഗസ്ഥരെയാണ് ഒരുവര്‍ഷത്തിനിടെ വീഴ്ചകളില്‍ മാത്രം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it