വീരപ്പന്‍ മരിച്ചിട്ടും ആനകള്‍ കൊല്ലപ്പെടുന്നു; പരിഹാരം വേണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: വീരപ്പന്‍ മരിച്ചിട്ടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആനകള്‍ കൊല്ലപ്പെടുകയാണെന്നു സുപ്രിംകോടതി. വീരപ്പന്‍ മരിച്ചതിനു ശേഷം ആനകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍, അപകടം മൂലവും മറ്റു കാരണങ്ങളാലും ആനകള്‍ കൊല്ലപ്പെടുന്നുണ്ടെന്നു ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള ആനകളടക്കമുള്ള വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാനും അവയുടെ അപകട മരണങ്ങള്‍ തടയാനും പരിഹാരങ്ങള്‍ കൊണ്ടുവരാമോയെന്നും സുപ്രിംകോടതി കേന്ദ്രത്തോട് ആരാഞ്ഞു.
വാഹനങ്ങളും ട്രെയിനുകളും തട്ടി ആനകള്‍ ചരിയുന്നത് തടയാന്‍ 10 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും ബെഞ്ച് കേന്ദ്രത്തിനു നിര്‍ദേശം നല്‍കി. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഇന്ത്യ- ഡബ്ല്യൂസിഎസ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് എന്നിവ നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിച്ച കോടതി, മൂന്നു മാസം മുമ്പാണ് ഒമ്പതു സംസ്ഥാനങ്ങളോട് ആനകളുടെ സുരക്ഷിതമായ സഞ്ചാരത്തിന് 27 ഉയര്‍ന്ന മുന്‍ഗണനയുള്ള ഇടനാഴികള്‍ സ്ഥാപിക്കാന്‍ വനഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദേശം വച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായിരുന്നില്ല.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ, ആനകളുടെ സംരക്ഷണത്തിന് പ്രത്യേക ഇടനാഴിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും ചെയ്യണമെന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ എന്‍ എസ് നദ്കര്‍നിയോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it