Flash News

വീണ്ടും ഇസ്രായേല്‍ ക്രൂരത

ഗസസിറ്റി: ഗസയില്‍ 21കാരിയായ പാരാമെഡിക്കല്‍ ജീവനക്കാരിയെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തി. റസാല്‍ അല്‍ നജ്ജാര്‍ ആണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. നെഞ്ചിലേക്കു വെടിയുതിര്‍ത്താണ് ഇസ്രായേല്‍ സൈന്യം അവരെ കൊലപ്പെടുത്തിയത്.
ഗസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്കു മരുന്നും ചികില്‍സയും നല്‍കുന്നതിനിടെയാണ് നജ്ജാര്‍ കൊല്ലപ്പെടുന്നത്. ബദ്ര്‍ യുദ്ധത്തിന്റെ വാര്‍ഷികദിനമായ റമദാന്‍ 16നാണ് നജ്ജാര്‍ കൊല്ലപ്പെട്ടത്.
ഗസ ആരോഗ്യ മന്ത്രാലയത്തിലെ സന്നദ്ധ പ്രവര്‍ത്തകയായിരുന്നു നജ്ജാര്‍. ആരോഗ്യപ്രവര്‍ത്തകയാണെന്നു മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ വെള്ള യൂനിഫോം ധരിച്ചാണ് നജ്ജാര്‍ യുദ്ധ മേഖലയിലെത്തിയത്. ഇക്കാര്യം വ്യക്തമായി മനസ്സിലായിട്ടും ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തത്. നജ്ജാര്‍ അടക്കം 123 ഫലസ്തീന്‍കാരെയാണ് ഈ വര്‍ഷം മാര്‍ച്ച് 30നുശേഷം ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്.
നജ്ജാറിന്റെ കൊലപാതകത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണങ്ങളില്‍ 100ലധികം ഫലസ്തീന്‍കാര്‍ക്കു പരിക്കേറ്റു. നജ്ജാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായി. ആയിരക്കണക്കിനുപേര്‍ ചടങ്ങുകളില്‍ പങ്കാളികളായി. കൊലപാതകത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു.
അതേസമയം, വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ കൊലപ്പെടുത്തി. റാമി സബ്രീന്‍ (36) ആണ് കൊല്ലപ്പെട്ടതെന്ന് വാഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.













Next Story

RELATED STORIES

Share it