kasaragod local

വീട് തകര്‍ത്ത സിപിഎം പ്രവര്‍ത്തകരുടെ കേസ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നു

കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം നെരോത്ത് കാട്ടുമൂലയിലെ സി നാരായണന്റെ കൊലപാതകത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത കേസ് സര്‍ക്കാര്‍ എഴുതി തള്ളുന്നു.
നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കായക്കുന്നിലെ എരളാല്‍ വിജയന്റെ വീട് അക്രമിച്ച കേസാണ് സര്‍ക്കാര്‍ എഴുതിതള്ളുന്നത്. 2015 ആഗസ്ത് 28ന് തിരുവോണ നാളില്‍ ഉച്ചയോടെയാണ് കായക്കുന്നിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറിനടുത്ത് വച്ച് നാരായണന്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തി ല്‍ കൊല ചെയ്യപ്പെട്ടത്.
നാരായണന്റെ കൊലപാതകത്തില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാണ് വിജയന്റെ വീട് അടിച്ചു തകര്‍ത്തത്. വിജയന്റെ വീടിനോടൊപ്പം കേസിലെ പ്രതികളായ ശ്രീനാഥ്, പുഷ്പന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും അന്ന് ആക്രമണമുണ്ടായിരുന്നു.
വിജയന്റെ വീട് തകര്‍ത്ത സംഭവത്തില്‍ ഭാര്യ സുധയുടെ പരാതിയിലാണ് അമ്പലത്തറ പോലിസ് പതിനെട്ടോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. ഈ കേസാണ് സര്‍ക്കാര്‍ എഴുതി തള്ളാന്‍ തീരുമാനിച്ചത്. ഇതില്‍ കഴിഞ്ഞ ദിവസം കോടതി പരാതിക്കാരിയായ സുധയോട് കോടതിയില്‍ ഹാജരായി പ്രതികരണം ആരാഞ്ഞിരുന്നു.
കോടതിയില്‍ ഹാജരായ സുധ കേസ് എഴുതി തള്ളരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിനും അനന്തര നടപടികള്‍ക്കുമായി കേസ് മെയ് 21ലേക്ക് മാറ്റിവച്ചു.
Next Story

RELATED STORIES

Share it