ernakulam local

വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം: ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

കൊച്ചി: കാറ്റിലും കടല്‍ക്ഷോഭത്തിലും വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുവാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈപ്പിന്‍ നായരമ്പലം വെളിയത്താംപറമ്പിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങളടക്കം എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. കടല്‍വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളിലും പരിസരങ്ങളിലും ചെളിയും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. ഈ മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത് പരിസരം അണുവിമുക്തമാക്കേണ്ടിയിരിക്കുന്നു. ഭാഗികമായി തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കണം. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അനുവദിക്കണം.
അപകടമേഖലയില്‍ നിന്ന് താമസം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കണം. തീരദേശത്ത് പലയിടത്തും കടല്‍ഭിത്തി തകര്‍ന്ന നിലയിലാണ്. ആവശ്യത്തിന് ഉയരത്തിലും വീതിയിലും കടല്‍ഭിത്തി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കും.
കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഒലിച്ചുപോയ മണല്‍തിട്ട പുനര്‍നിര്‍മിക്കണം. അടഞ്ഞുപോയ തോടുകള്‍ തുറക്കുകയും, തോടുകളില്‍ സ്ഥാപിച്ചിട്ടുള്ള കുഴലുകളിലെ തടസങ്ങള്‍ നീക്കുകയും ചെയ്താല്‍ വെള്ളക്കെട്ട് ഒരുപരിധി വരെ ഒഴിവാക്കുവാന്‍ സാധിക്കും.
തകര്‍ന്നുകിടക്കുന്ന തീരദേശ റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണം. കടലില്‍ നിശ്ചിത ദൂരത്തില്‍ പുലിമുട്ട് നിര്‍മിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. ദുരിതാശ്വാസ ക്യാംപില്‍ രോഗികളും വൃദ്ധരും കുട്ടികളും ഏറെ വിഷമിക്കുകയാണ്.
മനസിനെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് എവിടെയും. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും അവഗണനയുണ്ടാവുന്നതായി പരാതികളുണ്ട്. ഇതു പരിഹരിക്കണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it