വി ടി ബല്‍റാമിന്റെ പരിപാടിക്കിടെ സംഘര്‍ഷം

ആനക്കര: കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ തൃത്താല എംഎല്‍എ വി ടി ബല്‍റാമിനു നേരെ കൈയേറ്റ ശ്രമം. പ്രതിഷേധക്കാര്‍ എംഎല്‍എയ്ക്കു നേരെ ചീമുട്ട എറിഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജിലും മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കുമടക്കം നിരവധി പേര്‍ക്കു പരിക്കേറ്റു. കല്ലേറില്‍ എംഎല്‍എയുടെ വാഹനത്തിന്റെ വശങ്ങളിലെ ചില്ലു തകര്‍ന്നു.
ഇന്നലെ രാവിലെയാണ് സംഭവം. കമ്മ്യൂണിസ്റ്റ് നേതാവ് എകെജിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്നു വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരേ ഇടതു സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു വരുന്നതിനിടെയാണ് സംഭവം. എംഎല്‍എ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ നേരത്തെ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു.
കാഞ്ഞിരത്താണിയില്‍ കടയുടെ  ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി എംഎല്‍എ പങ്കെടുക്കുമെന്ന് അറിഞ്ഞതോടെയാണു സിപിഎമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളടങ്ങുന്ന പ്രതിഷേധക്കാര്‍ എത്തിയത്. ഗോബാക്ക് വിളികളും കരിങ്കൊടിയുമായി സ്ഥാപനത്തില്‍ നിന്നു 30 മീറ്ററോളം മാറിയാണു പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നത്. ഈ സമയം സ്ഥലത്തെത്തിയ എംഎല്‍എ ഉദ്ഘാടന സ്ഥലത്തേക്കു നീങ്ങുന്നതിനിടെയാണു ചീമുട്ടയെറിഞ്ഞത്. പോലിസ് വാഹനത്തിന്റെ മുകളില്‍ കയറിയായിരുന്നു ചീമുട്ടയേറ്. ഇതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെയും കല്ലേറുണ്ടാ യി. ഇതോടെ പോലിസ് ലാത്തി വീശി. എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തായി അറിയിച്ചതോടെ കല്ലേറു ശക്തമായി. എംഎല്‍എയുടെ കാറിന്റെ ഗ്ലാസ് തകര്‍ന്നു. സംഘര്‍ഷത്തില്‍ പട്ടാമ്പി എസ് ഐ രാജീവ്, ഏഷ്യാനെറ്റ് കാമറാമാന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു കല്ലേറില്‍ പരിക്കേറ്റു. തൃത്താല എസ്‌ഐ കെ കൃഷ്ണന്റെ കൈക്കു കല്ലേറില്‍ പരിക്ക് പറ്റി.
വി ടി ബല്‍റാം എംഎല്‍എ യ്ക്ക് തൃത്താല മണ്ഡലത്തില്‍ മൂന്ന് പരിപാടികളാണ് ഉണ്ടായിരുന്നത്. ഇതിലെ മൂന്നാമത്തെ പരിപാടിയായിരുന്നു കാഞ്ഞിരത്താണിയിലേത്. മറ്റു രണ്ടു പരിപാടികളും ഉപേക്ഷിച്ചിരുന്നു. സംഘര്‍ഷമുണ്ടാവുമെന്നതിനാല്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എംഎല്‍എയോട് നേരത്തെ പോലിസ് ആവശ്യപ്പെട്ടിരുന്നു.
സംഭവസ്ഥലത്തു മുന്‍ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ അടക്കം നൂറുകണക്കിനു യുഡിഎഫ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. പ്രതിഷേധത്തിനു നേതൃത്വം നല്‍കി കപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ചിന്നമ്മു അടക്കം നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്കു കല്ലേറിലും ലാത്തിച്ചാര്‍ജിലും പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷ സമയത്ത് 20ഓളം പോലിസുകാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചാലിശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയാണിത്.
പാലക്കാട് എസ്പി ഷൊര്‍ണൂര്‍ ഡിവൈഎസ്പി പട്ടാമ്പി സിഐ അടക്കം വന്‍ പോലിസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. പരിക്കേറ്റവരെ എടപ്പാള്‍, ചങ്ങരംകുളം, പട്ടാമ്പി, കൂറ്റനാട് തുടങ്ങിയ ആശുപത്രികളി ല്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ വി ടി ബല്‍റാം സന്ദര്‍ശിച്ചു. തുടര്‍ന്നു തണ്ണീ ര്‍ക്കോട് കൂനംമൂച്ചിയിലുള്ള കോ ണ്‍ഗ്രസ് ഓഫിസിലെത്തി കോ ണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരിച്ചു. ശേഷം പോലിസ് സന്നാഹത്തോടെയാണ് എംഎല്‍എ ഔതളൂരിലുള്ള വീട്ടിലെത്തിയത്. അതിനിടെ പോലിസ് ലാത്തിച്ചാര്‍ജിലും മറ്റും പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it