Editorial

വി കെ സിങിനെ പുറത്താക്കണം

ഹരിയാനയില്‍ രണ്ടു ദലിത് കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ച സംഭവത്തോട് പ്രതികരിക്കവെ, കേന്ദ്രത്തില്‍ വിദേശകാര്യ സഹമന്ത്രിയായ വി കെ സിങ് നായ്ക്കളെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു മോദി ഭരണകൂടം ഉത്തരവാദിയായിരിക്കുമോ എന്നു ചോദിക്കുന്നു. ഇപ്പോള്‍ രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന അസഹിഷ്ണുതയുടെ ഭാഗം തന്നെയാണ് സിങിന്റെ പ്രകോപനപരമായ വാക്കുകള്‍.
വായില്‍ വരുന്നതൊക്കെ വിളിച്ചുകൂവുന്ന ഒരാളാണ് മുന്‍ കരസേനാ മേധാവി കൂടിയായ സിങ് എന്നത് പരിഗണിക്കുമ്പോള്‍ തന്നെ ജാതീയവും വംശീയവുമായ സങ്കുചിതത്വവും പകയും കേന്ദ്രം ഭരിക്കുന്നവരുടെ മനസ്സില്‍ നുരഞ്ഞുപൊന്തുന്നുവെന്നതിന്റെ സൂചനകൂടിയാണിത്. 2013ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് വംശഹത്യയില്‍ തനിക്കുള്ള സങ്കടം കാറിന്റെ പിന്നിലിരിക്കുമ്പോള്‍ കാര്‍ പട്ടിക്കുഞ്ഞുങ്ങളുടെ മീതെ കയറിയ സങ്കടംപോലെയാണെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. ആ പട്ടിക്കുട്ടിസങ്കടത്തെപ്പറ്റി പ്രധാനമന്ത്രിയായ ശേഷവും മോദി സങ്കടപ്പെട്ടതായി അറിവില്ല.
ജാതിയുടെ അടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയും നിന്ദ്യമായ പരാമര്‍ശങ്ങളും വിലക്കുന്ന നിയമങ്ങള്‍ രാജ്യത്തെ നിയമപുസ്തകങ്ങളില്‍ ഏറെയുണ്ട്. എന്നാല്‍, മന്ത്രിമാരും സന്ന്യാസിമാരും സന്ന്യാസിനികളും കടുത്ത ജാതിവിരോധവും പരമതവിരോധവും വിളിച്ചുകൂവുന്നു.
മാസങ്ങള്‍ക്കു മുമ്പ് ഹിന്ദുത്വവിഭാഗത്തില്‍പ്പെടാത്തവര്‍ പിഴച്ച സന്തതികളാണെന്ന സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ മലിനമായ പരാമര്‍ശത്തിനെതിരേ ആരോ പരാതി കൊടുത്തെങ്കിലും അവരിപ്പോഴും നാക്കെടുത്താല്‍ ചീത്ത കാര്യങ്ങളേ പറയൂ. മറ്റു കത്തിവേഷങ്ങളും പെരുമാറ്റവും പരാമര്‍ശങ്ങളും സംസ്‌കരിക്കാന്‍ മടിച്ചുനില്‍ക്കുകയാണ്. കാരണം വളരെ വ്യക്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്ളില്‍ അത്തരം പരാമര്‍ശങ്ങളില്‍ ആഹ്ലാദംകൊള്ളുന്നവനാണ്. മറ്റു സംഘപരിവാരനേതാക്കളും ഒട്ടും വ്യത്യസ്തരല്ല. അതുകൊണ്ടാണ് ദലിതുകളെ മാത്രമല്ല, മൊത്തം ഇന്ത്യക്കാരെയും അപമാനിക്കുന്ന വിധത്തിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത്.
ദലിത് വിഭാഗത്തില്‍പ്പെട്ടവരെ പ്രലോഭനങ്ങളിലൂടെ സ്വാംശീകരിച്ചുകൊണ്ട് വര്‍ണാശ്രമധര്‍മത്തിലെ അനുസരണയുള്ള അടിമകളാക്കി മാറ്റുന്ന പ്രക്രിയയില്‍ വിശ്വസിക്കുന്ന വിഭാഗത്തിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ക്കു നേരെ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ട്.
സമീപകാലത്തായി ജീവന്റെ ചലനങ്ങള്‍ കാണിച്ചുതുടങ്ങിയ ബിഎസ്പി നേതാവ് മായാവതി വി കെ സിങിന്റെ പേരില്‍ ക്രിമിനല്‍ക്കുറ്റത്തിനു കേസെടുക്കണമെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. അത്തരം നടപടികളിലൂടെ മാത്രമേ രാജ്യത്ത് വ്യാപിക്കുന്ന പ്രകോപനപരവും നിന്ദ്യവുമായ വാഗ്‌ധോരണി അവസാനിപ്പിക്കാന്‍ പറ്റൂ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തന്റെ സഹപ്രവര്‍ത്തകരെയും അനുയായികളെയും ഉപദേശിച്ചുകൊണ്ട് നല്ലപിള്ള ചമയുന്നതിനു മുമ്പ് നിയമപുസ്തകങ്ങള്‍ പരിശോധിക്കുകയാണു വേണ്ടത്.
Next Story

RELATED STORIES

Share it