Agriculture

വിഷമില്ലാത്ത പച്ചക്കറിയും മഴക്കാലവും

മഴക്കാലം സജീവമായതോടെ വിഷമില്ലാത്ത പച്ചക്കറിയ്ക്കായുള്ള വീട്ടുമുറ്റത്തെ കൃഷി പലര്‍ക്കും പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ആവശ്യത്തിന് വെള്ളം നനയ്ക്കുകയായിരുന്നു വേനല്‍കൃഷിയുടെ പ്രധാന കടമ്പയെങ്കില്‍ ഇനിയുള്ള കാലം മഴയായി പെയ്യുന്ന വെള്ളത്തില്‍ നിന്നും സംരക്ഷിക്കുക എന്നതായി ഇപ്പോഴത്തെ വെല്ലുവിളി. അതോടൊപ്പം പ്രിയപ്പെട്ട പല വേനല്‍ക്കാലവിളകളും വെയിലേല്‍ക്കാതെ വിളവ്കുറയുന്നതും ചീഞ്ഞുപോകുന്നതുമൊക്കെ പ്രശ്‌നങ്ങളാണ്. പച്ചക്കറികളുടെ വേനല്‍ക്കാലത്തെ പ്രധാന ശത്രുവായ മീലിമുട്ട അപ്രത്യക്ഷമായെങ്കിലും പുതിയ പലപ്രശ്‌നങ്ങളും കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്നു.

വെള്ളത്തിലായ ടെറസ് കൃഷി
പലരുടെയും ടെറസിലെ കൃഷി അക്ഷരാര്‍ഥത്തില്‍ത്തന്നെ വെള്ളത്തിലായി. പായലും പൂപ്പലും പിടിച്ച ടെറസില്‍ തെന്നിവീഴുമെന്ന്് കരുതി പലരും കൃഷി തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്ത്് മുരടിച്ചു നിന്ന വെണ്ടയും വഴുതനയുമൊക്കെ മഴയെത്തിയതോടെ നന്നായി കായ പിടിക്കുന്നുണ്ടെങ്കിലും പറിച്ചെടുക്കാന്‍ ടെറസില്‍ കയറാന്‍ പോലും പലര്‍ക്കും ധൈര്യമില്ല. വഴുതിവീഴാതെ പച്ചക്കറി വിളവെടുക്കാന്‍ എന്താണ് മാര്‍ഗമെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്്്.
പായലില്‍ നിന്നും പൂപ്പലില്‍ നിന്നുമൊക്കെ കുമ്മായം നല്ലൊരു പരിഹാരമാണ്്. ചിലര്‍ പായലിനെതിരെ ബ്ലീച്ചിങ് പൗഡര്‍ പ്രയോഗിക്കാറുണ്ടെങ്കിലും ഇത് ജൈവകൃഷിയ്ക്ക്് യോജിച്ചരീതിയല്ല. ബ്ലീച്ചിങ് പൗഡര്‍ ചെടികളെ കേടുവരുത്താനും മിത്രകീടങ്ങളെയും സൂക്ഷ്മജീവികളെയുമൊക്കെ നശിപ്പിക്കാനും ഇടയാക്കും. അല്‍പം മണലും കുമ്മായവും കലര്‍ത്തി ടെറസില്‍ വിതറിയാല്‍ പായലിന്റെ ശല്യം കുറേയൊക്കെ കുറയ്ക്കാനാകും. പച്ചക്കറിച്ചെടികള്‍ക്കിടയില്‍ മണ്ണും മണലും കൊണ്ട്് നടപ്പാതയുണ്ടാക്കിയും ചിലര്‍ വിളവെടുപ്പ്്് സുഗമമാക്കുന്നു. വലിയ അപകടമില്ലാത്ത ടെറസുകളില്‍ മഴരണ്ടു ദിവസമെങ്കിലും മാറിനിന്നാല്‍ തക്കം നോക്കി ഇതെല്ലാം ചെയ്യാം. കാല്‍വഴുതാതെ പിടിച്ചു നീങ്ങാന്‍ തലങ്ങും വിലങ്ങും കയര്‍ കെട്ടുന്നതും ഫലപ്രദമാണ്.


മഴമറയൊരുക്കാം.
കാലം നോക്കാതെ വര്‍ഷം മുഴുവനും കൃഷിചെയ്യാന്‍ ഒരു പോളിഹൗസുണ്ടായിരുന്നെങ്കിലെന്ന്് പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ചെലവേറിയ പോളിഹൗസ് പ്രഫഷണല്‍ കൃഷിക്കുള്ളതാണ്. പൂര്‍ണമായും ജൈവരീതിയില്‍ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനും പോളിഹൗസില്‍ സാധ്യമല്ല. മഴയുടെ ശല്യമില്ലാതെ കൃഷിചെയ്യാന്‍ പോളിഹൗസ് വേണമെന്നില്ല. മഴമറതന്നെ ധാരാളം. വലിയ സാങ്കേതിക വിദഗ്ദരുടെ സഹായമൊന്നുമില്ലാതെ, പ്രാദേശികമായി ലഭിക്കുന്ന മുള, കവുങ്ങ് തുടങ്ങിയവ ഉപയോഗിച്ച്്് കുറഞ്ഞചിലവില്‍ ഇതുണ്ടാക്കുകയും ചെയ്യാം.
എന്താണ് മഴമറ എന്ന് ചോദിച്ചാല്‍ മഴയില്‍നിന്നും മഴക്കാലപ്രശ്‌നങ്ങളില്‍ നിന്നുമൊക്കെ കൃഷിയെ സംരക്ഷിക്കുന്ന ഒരു മറ എന്നാണ് ഉത്തരം.മനുഷ്യര്‍ കുടചൂടുന്നതുപോലെതന്നെ,കൃഷിക്കും ഒരു കുട. എന്നാല്‍  മഴക്കാലത്ത്്് മഴവെള്ളം മാത്രമല്ല പ്രശ്‌നമെന്ന് ഓര്‍ത്തുകൊണ്ടുള്ള നിര്‍മിതിയായിരിക്കണം മഴമറ.ഇടവപ്പാതിയിലെ നനഞ്ഞുതണുത്ത അന്തരീക്ഷത്തില്‍ പച്ചക്കറികള്‍ അതിവേഗം വളരുകയും പൂക്കുകയും കായ്ക്കുകയുമൊക്കെ വേണമെങ്കില്‍ താപനിലയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയേ തീരു. നന്നായി നിര്‍മിച്ച മഴമറയില്‍ കൃഷിക്കാവശ്യമായ രീതിയില്‍ ഉയര്‍ന്നതാപനിലയാണുണ്ടാകുക. യു വി സ്‌റ്റെബിലൈസ്ഡ് പോളി എത്തിലിന്‍ ഷീറ്റ് ഉപയോഗിച്ച്് മുകളില്‍ മാത്രം മറച്ചും, വശങ്ങളില്‍ ഗാര്‍ഡന്‍ ഷേഡ് നെറ്റ് ഉപയോഗിച്ചോ പോളി എത്തിലിന്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചോ , മഴമറയുണ്ടാക്കാം. വശങ്ങള്‍ മറയ്ക്കണമോ എന്നു ഏതു തരം ഷീറ്റുപയോഗിച്ചാകണം അതെന്നതുമൊക്കെ പ്രദേശത്തിന്റെയും വിളയുടെയും പ്രത്യേകതകള്‍ അനുസരിച്ച്് വേണം തീരുമാനിക്കാന്‍. മതിലുകളോട് ചേര്‍ത്ത് ചായ്പ്പ്് നിര്‍മിക്കുന്നതുപോലെയും മഴമറതീര്‍ക്കാം. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന്് ഉറപ്പുവരുത്തണമെന്ന്് മാത്രം. വശങ്ങള്‍ കൂടി മറയ്ക്കുകയാണെങ്കില്‍ മുകളില്‍ മാത്രം മറയ്ക്കുന്നതിനേക്കാള്‍ രണ്ടുമുതല്‍ ആറു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ത്താനാകും. എല്ലാ വിളകള്‍ക്കും ഇത്തരത്തില്‍ ഉയര്‍ന്ന താപനില യോജിച്ചെന്നു വരില്ലെന്ന കാര്യം ശ്രദ്ധിക്കണം. ഗ്രോബാഗിനകത്ത്് നട്ട ചെടികളാണെങ്കില്‍ ഒന്നോ രണ്ടോ സെന്റ് സ്ഥലത്തെ മഴമറ മതിയാകും അത്യാവശ്യം ഒരു ചെറിയ കൂടുംബത്തിന് മഴക്കാല പച്ചക്കറികള്‍ ഉപയോഗപ്പെടുത്താന്‍.

മഴക്കാല വിളകള്‍
വിഷമടിച്ച പച്ചക്കറികളോടുള്ള  മഴക്കാലത്തെ യുദ്ധം മഴമറയില്‍ മാത്രം ഒതുക്കേണ്ടതില്ല. മഴക്കാലത്ത്് നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്ന വിളകള്‍ തിരഞ്ഞെടുത്ത്് കൃഷി ചെയ്യേണ്ട സമയമാണിത്. മഴക്കാല കൃഷി രണ്ടു വിധമുണ്ട്്്, പച്ചക്കറികളെ സംബന്ധിച്ചിടത്തോളം, ഇക്കാലത്തു തന്നെ വിളവെടുക്കാവുന്നവയാണ് ഒന്നാമത്തേത്. വെണ്ടയും വഴുതനയും പയറുമൊക്കെ ഇക്കൂട്ടത്തില്‍ പെടും.മഴയുടെ ആനുകൂല്യത്താല്‍ വളര്‍ന്ന്്് മഴമാറുമ്പോള്‍ വിളവുതരുന്ന പച്ചക്കറികളാണ് രണ്ടാമത്തേത്. കോവലും അമരയും കൂര്‍ക്കയുമൊക്കെ ഇത്തരത്തില്‍പ്പെടും. മണ്ണു നനയുന്നതോടെ പടുമുള മുളയ്ക്കുന്ന കുമ്പളവും മത്തനുമൊക്കെ ഒരല്‍പം ശ്രദ്ധകൂടി നല്‍കിയാല്‍ നന്നായി വിളവുതരും.
അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ വിഷമടിച്ച പച്ചക്കറികള്‍ക്കെതിരായ വീട്ടുവളപ്പിലെ കൃഷിയുദ്ധത്തിനായി മഴക്കാലം ഉപയോഗപ്പെടുത്താവുന്നതാണ്. ഇതില്‍ പ്രധാന ചുവട്് ദീര്‍ഘകാലം നിലനില്‍ക്കുന്ന വിളകളുടെ കൃഷി ആരംഭിക്കാനും അവ സംരക്ഷിക്കാനുമൊക്കെ ഇക്കാലത്ത്്്്് പ്രാധാന്യം നല്‍കുക എന്നതാണ്. കറിവേപ്പ്്, നാരകം, മുരിങ്ങ, അഗത്തിച്ചീര, സൗഹൃദച്ചീര, വാഴ എന്നിവയാണ് ഇതില്‍ പ്രധാനം, കോവല്‍, അമര, വാളമര, പപ്പായ,ചതുരപ്പയര്‍ തുടങ്ങിയവയും തുടര്‍ച്ചയായി ഏറെനാള്‍ വിളവുതരും. ഇവയില്‍ പലതും മഴക്കാലത്ത്് പൂക്കുകയോ കായ്ക്കുകയോ കിഴങ്ങുതരികയോ ചെയ്യില്ലെങ്കിലും മഴക്കാലം കഴിയുന്നതോടെ കായപിടിക്കാന്‍ തുടങ്ങുകയും ദീര്‍ഘകാലം ഫലം തരികയും ചെയ്യും. വാഴയും പ്ലാവും മാവും കുരുമുളകും തെങ്ങും കവുങ്ങുമൊക്കെ മഴക്കാലം ഉപയോഗപ്പെടുത്തി വളരുന്നവയാണ്. മഴയുടെ പലവിധ ശല്യങ്ങളില്‍ നിന്ന്്് ഇവയക്ക്് അല്‍പം സംരക്ഷണം നല്‍കുകയാണ് ഈ കാലത്ത്് ചെയ്യേണ്ടത്.

തൈകള്‍ കണ്ടെത്തുക, സംരക്ഷിക്കുക
മഴക്കാലത്ത്് പ്രകൃതിയില്‍ പലതരം വിത്തുകളും മുളയ്ക്കുന്ന കാലമാണ്. കാടുപിടിച്ച പറമ്പുകളിലും മറ്റും ഒന്നു തിരഞ്ഞാല്‍ പല അമൂല്യ സസ്യങ്ങളും ലഭിക്കും.പ്ലാവിന്‍ചുവട്ടിലും കവുങ്ങിന്‍ ചുവട്ടിലുമൊക്കെ ഇവ ആരുടെയും കണ്ണില്‍പ്പെടാതെ മുളച്ചുവരുന്നുണ്ടാകും ഈ സീസണില്‍. ചക്കതിന്നാനും അടയ്ക്ക ചപ്പാനുമൊക്കെ എത്തുന്ന വവ്വാലുകളും മെരുവും അണ്ണാനും കിളികളുമൊക്കെയാണ് ഈ വിത്തുകള്‍ കാഷ്ടത്തിലൂടെ മണ്ണിലെത്തിക്കുന്നത്്. മഴക്കാലത്ത്് കാട്ടുചെടികള്‍ പടര്‍ന്ന് ശല്യമാകുമ്പോള്‍ വൃത്തിയാക്കുന്നകൂട്ടത്തില്‍ ഈ തൈകള്‍ ആര്‍ക്കുമുപകരിക്കാതെ നശിപ്പിക്കപ്പെട്ടേക്കാം. അല്ലെങ്കില്‍ വേനല്‍ കടുക്കുന്നതോടെ  ആരാലും ശ്രദ്ധിക്കപ്പെടാതെ ഉണങ്ങിപ്പോകാം. ചാമ്പയും പേരയും കറിവേപ്പും കശുമാവും കവുങ്ങും മാവും പ്ലാവുമൊക്കെ ഇത്തരത്തില്‍ മുളച്ചുപൊന്തും. കൂട്ടത്തില്‍ കുമ്പളവും മത്തനും തക്കാളിയും മുളകുമൊക്കെ ലഭിച്ചേക്കാം. കോവലിന്റെ തൈകള്‍ ഇത്തരത്തിലുള്ളവ ലഭിച്ചാല്‍ എടുക്കുന്നത് രണ്ടുവട്ടം ആലോചിച്ചുവേണം. കാട്ടുകോവലിന്റെ തൈകളാവാന്‍ സാധ്യതയുണ്ട്് എന്നതിനാലാണിത്. കാട്ടുകോവല്‍ പാചകം ചെയ്താല്‍ കയ്ക്കും. ആറ്റുനോറ്റു വളര്‍ത്തി കിട്ടുന്ന കായ കയ്പുള്ളതാകുന്നത് അത്ര മധുരമുള്ള കാര്യമല്ലല്ലോ. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന ചെടികളില്‍ ഏറ്റവും പ്രാധാന്യമുള്ളത്് കറിവേപ്പിനാണ്. ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗിക്കപ്പെടുന്നത്്് കറിവേപ്പിലാണെന്ന്് റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വന്തമായി ഒരു കറിവേപ്പെങ്കിലുമുണ്ടെങ്കില്‍ വിഷലിപ്ത പച്ചക്കറിക്കെതിരായ യുദ്ധം പാതി വിജയിച്ചു എന്നു തന്നെ പറയാം. മഴക്കാലത്ത്് പറമ്പിലും തൊടിയിലുമൊക്കെ ഒന്നു തിരഞ്ഞാല്‍ ഒന്നല്ല ഒന്‍പതെണ്ണമെങ്കിലും ലഭിച്ചേക്കാം, കറിവേപ്പിന്‍തൈകള്‍.

മഴ ഇപ്പോള്‍ ഒരു ശല്യമാണെങ്കിലും ആറുമാസം കഴിയുമ്പോഴത്തേക്ക്് സ്ഥിതി മാറും. നനയ്ക്കാന്‍ വെള്ളമില്ലെന്നാകും പല കര്‍ഷകരുടെയും പരാതി. അതിനാല്‍ മഴവെള്ള സംഭരണത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ടതും പ്രധാനമാണ്. സ്ഥലമുള്ളവര്‍ക്ക്് പടുതാക്കുളം നിര്‍മിച്ചും അല്ലാത്തവര്‍ക്ക്് ജലസംഭരണി നിര്‍മിച്ചും പ്രശ്‌നം പരിഹരിക്കാം. ഇത്തരം പദ്ധതികള്‍ക്ക്് ലഭിച്ചേക്കാവുന്ന സബ്‌സിഡികളെക്കുറിച്ചും മറ്റും അറിയാന്‍ തദ്ദേശഭരണസ്ഥാപനങ്ങളുമായി ബന്്ധപ്പെടുക.
Next Story

RELATED STORIES

Share it