azchavattam

വിഷക്കാറ്റ് വീശി ഒരു മാമ്പഴത്തോട്ടം

വിഷക്കാറ്റ് വീശി ഒരു മാമ്പഴത്തോട്ടം
X
VISHAKKATTU

വിളയോടി ശിവന്‍കുട്ടി
കേരളത്തിന്റെ മാംഗോ സിറ്റിയാണ് മുതലമട പഞ്ചായത്ത്. മാമ്പഴക്കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്ത്. പക്ഷേ, മാമ്പഴത്തിന്റെ ഹൃദയഹാരിയായ സുഗന്ധത്തിനു പകരം ഇവിടെ നിന്നു വീശുന്നത് ദുസ്സഹമായ ദുര്‍ഗന്ധമാണ്.
നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന പാത്തിപ്പാറ പുഴയുടെ തീരത്ത് എണ്‍പതോളം ഏക്കര്‍ വരുന്ന ഒരു തോട്ടമുണ്ട്. തോട്ടത്തിന്റെ കൂറ്റന്‍ ഗേറ്റില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എ വണ്‍ ജൈവവള നിര്‍മാണകേന്ദ്രം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മുകളില്‍ നിറ്റജലാറ്റിന്റെ പേരും. തെങ്ങുകളുടെയും വാഴകളുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. മറ്റൊരു ബോര്‍ഡില്‍ മാതൃകാ കൃഷിത്തോട്ടമെന്നാണ് എഴുതിയിരിക്കുന്നത്. ഉടമയുടെ പേരുമുണ്ട്.
പാലക്കാട് ചന്ദ്രനഗറില്‍ വിഐപി കോളനിയില്‍ താമസക്കാരനായ ഇയാള്‍ 10 വര്‍ഷം മുമ്പാണ് തെങ്ങും വാഴയും നിറഞ്ഞ ഈ തോട്ടം വാങ്ങുന്നത്. ഏറെ താമസിയാതെ ഈ ബോര്‍ഡും പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷമായി അതിനകത്ത് എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ച് പരിസരവാസികള്‍ക്ക് പ്രത്യേകിച്ച് യാതൊരറിവുമില്ലായിരുന്നു. കുറേ കണ്ടയ്‌നറുകള്‍ വരുന്നു, പോവുന്നു. അത്രതന്നെ. അന്യര്‍ക്ക് പ്രവേശനമില്ലെന്ന മുന്നറിയിപ്പുള്ളതുകൊണ്ട് പരിസരവാസികള്‍ അകത്തു കടക്കാന്‍ ധൈര്യപ്പെടാറില്ല. അങ്ങനെ ചെയ്ത ചിലര്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തിയിട്ടുമുണ്ട്.

മാലിന്യവിപത്ത്
പക്ഷേ, ഒന്നും അധികകാലം മൂടിവയ്ക്കാനാവില്ലല്ലോ. കണ്ടയ്‌നറുകളില്‍ വന്നുകൊണ്ടിരിക്കുന്നത് ചാലക്കുടി നിറ്റജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള ഖരമാലിന്യമാണെന്ന വിവരം പുറത്തുവന്നു. അതോടെ ജനങ്ങളുടെ മനസ്സില്‍ പലവിധ സംശയങ്ങളും ഉടലെടുക്കാന്‍ തുടങ്ങി. ആദ്യമാദ്യം പ്രദേശത്തു താമസിക്കുന്ന ആദിവാസികളാണ് സംശയങ്ങള്‍ ഉന്നയിച്ചത്. പതുക്കെപ്പതുക്കെ അല്ലാത്തവരും രംഗത്തുവന്നു. അതോടെയാണ് ഈ മാലിന്യവിപത്ത് പുറംലോകമറിയുന്നത്.
2005 മുതല്‍ നിറ്റജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള മാലിന്യം ഇവിടെ എത്തുന്നുണ്ട്. കണ്ടയ്‌നര്‍ വരുന്ന കാര്യം എല്ലാവര്‍ക്കുമറിയാമായിരുന്നു. ഗേറ്റിലെ വളനിര്‍മാണശാല എന്ന ബോര്‍ഡ് ആളുകളെ കൂടുതല്‍ അന്വേഷിക്കുന്നതില്‍ നിന്നു തടഞ്ഞുനിര്‍ത്തി. കണ്ടയ്‌നറുകളില്‍ വന്നുകൊണ്ടിരിക്കുന്നത് ജൈവവള നിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കളെന്നേ ആദ്യമാദ്യം ആളുകള്‍ കരുതിയുള്ളൂ. മാലിന്യക്കൂമ്പാരം പരിസരത്തെയാകെ ദുര്‍ഗന്ധപൂരിതമാക്കുകയും വെള്ളവും മണ്ണും വിഷമയമാവാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ബോധ്യമായത്.
2008ല്‍ നാട്ടുകാരനായ ശ്രീധരന്‍ മാഷാണ് ആദ്യ ഇടപെടല്‍ നടത്തുന്നത്. നിറ്റജലാറ്റിന്‍ കമ്പനിയിലെ മാലിന്യം നിക്ഷേപിക്കാനുള്ള പ്രദേശം മാത്രമാണ് ഈ തോട്ടമെന്നും ഇവിടെ കൃഷിയോ മറ്റു പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ലെന്നും മാഷ് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്തെങ്കിലും നടക്കുന്നുവെങ്കില്‍ തന്നെ അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രം. 2002ല്‍ പെരുമാട്ടി പഞ്ചായത്തില്‍ കൊക്കകോല കമ്പനി ലെഡും കാഡ്മിയവും കലര്‍ന്ന മാലിന്യം ജൈവവളമാണെന്നു തെറ്റിദ്ധരിപ്പിച്ച് ജനങ്ങള്‍ക്കു നല്‍കിയ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ശ്രീധരന്‍മാഷ് ശബ്ദമുയര്‍ത്തിയത്. പക്ഷേ, ഭൂവുടമ ശ്രീധരന്‍മാഷുടെ പ്രതികരണത്തെ പ്രതികാരബുദ്ധിയോടെ നേരിട്ടു. മാഷിനുനേരെ അവര്‍ സ്ത്രീപീഡനത്തിനു കേസുണ്ടാക്കി. വാര്‍ത്ത വന്നതോടെ മാഷ് ഒറ്റപ്പെടുകയും നിശ്ശബ്ദനാവുകയും ചെയ്തു. സ്വാഭാവികമായും പ്രതിഷേധങ്ങളും അടങ്ങി.

കള്ളിയമ്പാറയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍
കൊല്ലങ്കോട് ഗോവിന്ദപുരം റോഡില്‍ കുതിരമൂളിയില്‍ നിന്നു വഴിപിരിഞ്ഞ് തെന്മലയോരത്തേക്ക് നാലര കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കള്ളിയമ്പാറ ആദിവാസി കോളനിയിലെത്താം. ദലിതരും ദരിദ്രരും തിങ്ങിപ്പാര്‍ക്കുന്ന പൊട്ടിച്ചിതറിയ റോഡിനിരുവശവും ഉയര്‍ത്തിയിരിക്കുന്ന നരേന്ദ്ര മോദിയുടെയും ഉമ്മന്‍ചാണ്ടിയുടെയും വലിയ ഫഌക്‌സ്‌ബോര്‍ഡുകളും താണ്ടി വേണം ഇവിടെയെത്താന്‍.
കള്ളിയമ്പാറയില്‍ മാത്രം 22 ആദിവാസി കുടുംബങ്ങളുണ്ട്. 18 വീടുകളിലായി നൂറോളം ആളുകള്‍ കഴിഞ്ഞുകൂടുന്നു. കാര്യമായ തൊഴിലോ സ്ഥിരവരുമാനമോ ആര്‍ക്കുമില്ല. ആവശ്യത്തിന് കുടിവെള്ളവും ശുദ്ധവായുവുമില്ല. വിശാലമായ മുതലമട പഞ്ചായത്തിലെ മാവിന്‍തോപ്പുകളില്‍ യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ വര്‍ഷത്തില്‍ 4-5 തവണകളായി തളിക്കുന്ന എന്‍ഡോസള്‍ഫാന്റെ കെടുതി വേറെയും. കാസര്‍കോട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള പഞ്ചായത്താണിത്.
മലയരസര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് 41 ഊരുകളിലായി മുതലമട പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നത്. മാവിന്‍തോപ്പില്‍ സീസണില്‍ കിട്ടുന്ന മരുന്നുതളിയും മാങ്ങപറിക്കലുമാണ് മുഖ്യവരുമാനം. അതു കഴിഞ്ഞാല്‍ കാട്ടില്‍ കയറി പച്ചമരുന്നു ശേഖരിക്കും. അത്യാവശ്യം കിട്ടുന്ന തോട്ടം പണിയാണ് പിന്നെയൊരാശ്വാസം.
പാത്തിപ്പാറ പുഴ ഇന്ന് വിഷമയമാണ്. ആദിവാസികള്‍ ഉപയോഗിച്ചിരുന്ന പൊതുകിണറും വിഷലിപ്തമായിരിക്കുന്നു. മാലിന്യനിക്ഷേപം തന്നെ മുഖ്യകാരണം. വെള്ളനിറത്തിലുള്ള പ്ലാസ്റ്റിക് ചാക്കുകളില്‍ മാലിന്യം പാക്ക് ചെയ്ത് 'വളനിര്‍മാണശാല'യില്‍ മഞ്ഞുമലപോലെ അട്ടിയിട്ടിരിക്കുന്നു. മഞ്ഞുകാലത്തും മഴക്കാലത്തും പരിസരമാകെ ദുര്‍ഗന്ധം വ്യാപിക്കും. മാലിന്യം മഴവെള്ളത്തോടൊപ്പം ഭൂമിയിലാഴ്ന്നിറങ്ങിയാണ് പുഴയും കിണറും നശിക്കാന്‍ തുടങ്ങിയത്.
കിണര്‍വെള്ളമുപയോഗിച്ച് കുടിക്കുകയും കുളിക്കുകയും പ്രാഥമികാവശ്യങ്ങള്‍ നടത്തുകയും ചെയ്താല്‍ ഛര്‍ദിയും വയറിളക്കവും ശരീരമാകെ ചൊറിച്ചിലും അനുഭവപ്പെടും. വെള്ളം ഉപയോഗിച്ചവര്‍ക്ക് കടുത്ത നീര്‍ക്കെട്ടും വ്രണവും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പാകം ചെയ്യുന്ന ഭക്ഷണം ക്ഷണനേരം കൊണ്ട് കേടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ വെള്ളമുപയോഗിച്ച് ചായ കൂട്ടിയാല്‍ ഓയില്‍ പോലെയിരിക്കും. വെള്ളം തിളപ്പിച്ചാല്‍ പാത്രത്തിനടിയില്‍ വെള്ളനിറമുള്ള ഒരുതരം കട്ടിയും രൂപപ്പെടും.
മലിനീകരണം രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ സംഘടിച്ച് നിരവധി പരാതികള്‍ പലയിടങ്ങളിലേക്കും അയച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡിലേക്കും പരാതിയയച്ചിരുന്നു. ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ വെള്ളത്തിന്റെ സാംപിള്‍ ലാബില്‍ പരിശോധിപ്പിച്ചു. പരിശോധനാഫലം വിചിത്രമായിരുന്നു- വെള്ളത്തിനു യാതൊരു കുഴപ്പവുമില്ല.

മാട്ടുത്തൊഴുത്തില്‍ അങ്കണവാടി
ഇവിടത്തെ അങ്കണവാടിക്ക് സ്വന്തമായി ഒരു കെട്ടിടം പോലുമില്ല. കോളനിയിലെ തന്നെ ഒരാളുടെ മാട്ടുത്തൊഴുത്തിലാണ് താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ടാങ്കില്ലാത്തതിനാല്‍ കുടിവെള്ളം കിട്ടാക്കനിയാണ്. വല്ലപ്പോഴും എത്തുന്ന ടാങ്കര്‍ ലോറിയാണ് ഏക ആശ്രയം. ഇന്നും അധികാരികളുടെ ഔദാര്യമാണ് കുടിവെള്ളം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് കക്കൂസുപോലുമില്ല. ഇനി സ്ഥാപിച്ചാല്‍ തന്നെ വെള്ളത്തിനെന്തു ചെയ്യും? ട്രൈബല്‍ ഫണ്ടുകളുടെ ദുരുപയോഗം ഒരു കലയായി വികസിച്ചിട്ടുണ്ട് മുതലമട പഞ്ചായത്തില്‍.
കള്ളിയമ്പാറ കോളനി കവലയില്‍ ചായക്കട നടത്തുന്ന നാരായണന്‍ തന്റെ കട അടച്ചുപൂട്ടുന്ന അവസ്ഥയിലാണ്. ഭക്ഷണമോ, പലഹാരമോ കഴിക്കാന്‍ ഈ ദുര്‍ഗന്ധം കൊണ്ട് ആരും വരാറില്ലത്രേ! മാലിന്യ കണ്ടയ്‌നര്‍ കടന്നുപോയാല്‍ വണ്ടിയില്‍ നിന്നു ചോരുന്ന അഴുകിയ ചലവും ചോരയും പോലുള്ള ഒരു കൊഴുത്ത ദ്രാവകത്തിന്റെ നാറ്റം പരിസരമാകെ നിറഞ്ഞുനില്‍ക്കും. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ മനംപുരട്ടി എഴുന്നേറ്റു പോവും. ഇതിനെ പ്രതിരോധിക്കാന്‍ വീട്ടുപടിക്കലും കടയ്ക്കുമുമ്പിലും റോഡിലും ഡെറ്റോള്‍ കലക്കിയൊഴിക്കുമെന്ന് നാരായണേട്ടന്റെ ഭാര്യ പറഞ്ഞു.

ചിന്നന്റെ ദുരൂഹമരണം
2006ല്‍ തോട്ടം ഉടമ ഭൂമി അടച്ചുകെട്ടി ആദിവാസികളുടെ വഴിമുട്ടിച്ചപ്പോള്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ആ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്ന 41 വയസ്സുണ്ടായിരുന്ന ചിന്നന്റെ മരണം ഇന്നും ദുരൂഹമായി തുടരുന്നു. തന്റെ അപ്പന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നാണ് ചിന്നന്റെ മകന്‍ മണികണ്ഠന്റെ ആവശ്യം. മുതലമട റെയില്‍വേ സ്റ്റേഷനിലെ റെയില്‍പ്പാളത്തില്‍ അടിവയറ്റില്‍ മുറിവുകളോടെ മരിച്ചു കിടക്കുന്ന തന്റെ അപ്പനെ മണികണ്ഠന്‍ ഇന്നുമോര്‍ക്കുന്നു. കേസോ, പ്രതിയോ, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടോ ഒന്നുമില്ല- പ്രശ്‌നത്തില്‍ ഇടപെടുന്നതിന്റെ ഭാഗമായി ഇവിടം സന്ദര്‍ശിച്ച എന്‍സിഎച്ച്ആര്‍ഒ സംഘത്തോട് മണികണ്ഠന്‍ മനസ്സ് തുറന്നു.
തിരഞ്ഞെടുപ്പിന് കേളികൊട്ടിയപ്പോള്‍ മാത്രം കോളനിയിലെ നിക്ഷേപമാലിന്യം ഒരു വിഷയമാക്കി മാറ്റിയതിന്റെ പിന്നിലെ വോട്ടു തട്ടാനുള്ള മുന്നണികളുടെ മല്‍സരത്തിനുള്ള ഒരായുധമാണ് ഈ മാലിന്യപ്രശ്‌നമെന്ന് പലരും ആരോപിക്കുന്നു. ആദിവാസികളെ ഒപ്പം നിര്‍ത്താനുള്ള ഒരു ചവിട്ടുനാടകം മാത്രമാണ് ഇതെന്നും ചിലര്‍ പ്രതികരിച്ചു.
അവരെ കുറ്റംപറയാനാവില്ല. 'മാതൃകാ കൃഷിത്തോട്ട'ത്തിന്റെ മറവിലെ മാലിന്യ ഇറക്കുമതിക്ക് ചൂട്ടുപിടിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ആദിവാസികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കാന്‍ രംഗത്തുവന്നിട്ടുള്ളത്.
തങ്ങള്‍ ആദിവാസികള്‍ വേട്ടമൃഗങ്ങളെപ്പോലെ മുറിവേറ്റു പിടയാനാണ് വിധിക്കപ്പെട്ടിരിക്കുന്നതെന്ന് എന്‍സിഎച്ച്ആര്‍ഒ സംഘത്തിനു മുമ്പില്‍ തെളിവു നല്‍കാനെത്തിയ സ്ത്രീകളും കുട്ടികളും പരിഭവിക്കുന്നു. അഞ്ചു മിനിറ്റുനേരം ഒരാള്‍ അവിടെ നിന്നാല്‍ അസഹനീയ ദുര്‍ഗന്ധം കൊണ്ട് ബോധക്ഷയം ഉണ്ടാവുമെന്നതില്‍ സംശയമില്ല. ഇതിനെതിരേ ആരെങ്കിലും രംഗപ്രവേശം ചെയ്താല്‍ കള്ളക്കേസും പീഡനക്കുറ്റവും ചുമത്തി ഒതുക്കുകയാണ് ഭൂവുടമയുടെ രീതി.
ഏറെക്കാലമായി സമരത്തിനു മുന്നിലുണ്ടായിരുന്ന വിജയനും സന്തോഷിനുമെതിരേയും ആരോപണം ഉന്നയിച്ച് പീഡനക്കേസ് ചുമത്തിയിട്ടുണ്ട്. മാലിന്യത്തിനെതിരേ സമരത്തിനു മുതിരുന്ന പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കുന്നതിനു വേണ്ടി, തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അര്‍ധനഗ്നയായി പോലിസ് സ്‌റ്റേഷനിലെത്തി മൊഴികൊടുത്ത ഒരു സ്ത്രീയുടെ കഥ അന്വേഷണസംഘത്തോട് പലരും വെളിപ്പെടുത്തി. അവരെ കുടുംബത്തോടെ ഈ തോട്ടത്തില്‍ തന്നെ താമസിപ്പിച്ചിരിക്കുകയാണത്രെ.

പ്രത്യക്ഷസമരത്തിലേക്ക്
മാലിന്യപ്രശ്‌നം സഹിക്കാന്‍ വയ്യാതെ രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. അവര്‍ ഒറ്റക്കെട്ടായി മാലിന്യവണ്ടികള്‍ തടഞ്ഞു. അവ മാലിന്യത്തോടെ തന്നെ കാതികൂടത്തേക്ക് തിരിച്ചയച്ചു. പ്രതിഷേധം ശക്തമായതോടെ അധികാരികള്‍ക്കും ഗത്യന്തരമില്ലാതായി. അതോടെ പുതിയ മാലിന്യവണ്ടികളുടെ വരവു നിലച്ചു. പക്ഷേ, അപ്പോഴും പ്രശ്‌നം തീര്‍ന്നില്ല. ടണ്‍കണക്കിന് അഴുകിയ മാലിന്യങ്ങളാണ് പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്നത്. അവ എങ്ങോട്ട് നീക്കം ചെയ്യും? ആരുടെ ചെലവില്‍? ഇതിനൊന്നും അധികാരികള്‍ക്ക് ഉത്തരമില്ല.
ഇത്ര പുകിലുണ്ടായിട്ടും മാധ്യമങ്ങള്‍ ഇതൊന്നും അറിഞ്ഞില്ലെന്നതാണ് രസകരം. പൊതുജന പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ മേരിക്കുട്ടി, ആലത്തൂര്‍ ഡിവൈഎസ്പി, മനുഷ്യാവകാശ കമ്മീഷന്‍, പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രദേശം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരായി. അവര്‍ക്കൊപ്പം മാധ്യമങ്ങള്‍ക്കും വരേണ്ടിവന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു. അതിനിടയില്‍ ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് അയവുവരുത്താന്‍ ആയുര്‍വേദ-അലോപ്പതി മെഡിക്കല്‍ ക്യാംപുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി നിര്‍മാണവും പോഷകാഹാരകിറ്റും ചികില്‍സാ ധനസഹായവും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.
തോട്ടം ഉടമയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. എസ്‌സി/എസ്ടി പീഡനനിരോധന നിയമപ്രകാരം മറ്റൊരു കേസും എടുത്തതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായതായി ആദിവാസികള്‍ക്കറിവില്ല. വീടുകളിലെ ചിരട്ടയും ഓട്ടാംപൊളിയും കൊതുകുജന്യ രോഗങ്ങള്‍ക്കു കാരണമാവുമെന്ന് പറഞ്ഞു ജനങ്ങളെ പേടിപ്പിക്കുന്ന ആരോഗ്യവകുപ്പിന് ഇതൊന്നും പ്രശ്‌നമായി തോന്നുന്നില്ല.
ഇനി പ്രതിഷേധിച്ചവരും ഒച്ചവച്ചവരും തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ വ്യാപൃതരാവുന്നതോടെ മാലിന്യവണ്ടി വീണ്ടും ചൂളംവിളിച്ചെത്തുമോ എന്ന ഭയത്തിലാണ് ആദിവാസി കുടുംബങ്ങള്‍. 'ജനങ്ങള്‍ ഉല്‍സവഛായയില്‍ മുഴുകുമ്പോള്‍ കള്ളന്‍മാര്‍ വീടു കൊള്ളയടിക്കും' പോലെയാണ് ഇവിടുത്തെ സ്ഥിതി. മുതലമടയെ അള്ളിപ്പിടിച്ചിരിക്കുന്ന മറ്റൊരു ദുരന്തം ക്വാറി മാഫിയകളും ഭൂമാഫിയകളുമാണ്. വന്‍കിട ക്വാറി മാഫിയകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം ചെറുതല്ല. ഫൈവ് സ്റ്റാറും പോപ്‌സണുമാണ് ഈ ഭാഗങ്ങളില്‍ നിന്നും മലതുരന്ന് പാറക്കല്ല് കടല്‍ കടത്തികൊണ്ടുപോവുന്നത്.
ഒരു മലമുഴക്കി വേഴാമ്പലിനെ പോലെ നീതിക്കുവേണ്ടി സര്‍ക്കാരുകളുടെയും മുന്നണികളുടെയും കാലാകാലമായിട്ടുള്ള കൊടിയ വഞ്ചനയ്‌ക്കെതിരേ ആദിവാസികള്‍ സമരപാതയിലാണ്. അട്ടപ്പാടിയിലെ തായ്ക്കുലസംഘത്തിന്റെ നേതൃത്വത്തില്‍ ആനക്കട്ടിയിലും മംഗലം ഡാമിലെ ഫോറസ്റ്റിലും മലമ്പുഴ ആനക്കല്ലിലും കള്ളിയമ്പാറയിലും ഉയരുന്നത് ഒരേ ശബ്ദമാണ്. ഭൂമിക്കുവേണ്ടിയും മദ്യത്തിനെതിരേയും ക്വാറി മാഫിയകള്‍ക്കെതിരേയും തിരിഞ്ഞുനിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആദിവാസികള്‍ ധൈര്യപ്പെട്ടിരിക്കുന്നു.
സമരങ്ങള്‍ക്കൊപ്പം പശ്ചിമഘട്ട സംരക്ഷണത്തിന്റെ രാഷ്ട്രീയവും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി സാമൂഹികനീതി നിഷേധിക്കപ്പെട്ട ആദിവാസികളുടെ ജനാധിപത്യ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് എന്‍സിഎച്ച്ആര്‍ഒ സംഘം മടങ്ങിയത്.
Next Story

RELATED STORIES

Share it