വിവാഹപൂര്‍വ കൗണ്‍സലിങ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന്‍

കോട്ടയം: വിവാഹമോചനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിവാഹപൂര്‍വ കൗണ്‍സലിങ് സംഘടിപ്പിക്കുന്നു. കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്റെ മെഗാ അദാലത്തിനു ശേഷം വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. 2018 ജനുവരി അവസാനത്തോടെ കൗണ്‍സലിങ്ങിന് തുടക്കം കുറിക്കും. മാതാപിതാക്കളുടെ അമിതമായ സ്വാധീനംമൂലം വിവാഹബന്ധത്തില്‍ ഉലച്ചില്‍ നേരിട്ട കേസുകളാണ് കമ്മീഷനു മുന്നില്‍ ഏറെയുമെത്തിയത്. നിയമപരമായി വിവാഹിതരാവാതെ ഒന്നിച്ചുജീവിച്ചു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം നിയമത്തിന്റെ പരിരക്ഷ തേടുന്ന യുവതലമുറയ്ക്കു ഫാമിലി ബജറ്റിങ്ങില്‍ ഉള്‍പ്പെടെ പ്രായോഗിക ജീവിതപരിജ്ഞാനം നല്‍കുക കൂടിയാണ് കൗണ്‍സലിങ്ങിലൂടെ ലക്ഷ്യമിടുന്നത്. സോഷ്യല്‍ മീഡിയ വഴി സ്ത്രീകളുമായി ബന്ധപ്പെട്ടു പരാതികള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ സംസ്ഥാനവ്യാപകമായി സെമിനാറും സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു കമ്മീഷന്‍ ഇപ്പോള്‍ നടത്തുന്ന കലാലയ ജ്യോതി പരിപാടി വിദ്യാര്‍ഥികള്‍ക്കു കൂടി പങ്കെടുക്കാവുന്ന ചര്‍ച്ചയിലധിഷ്ടിതമായ പരിപാടിയായി വികസിപ്പിക്കുന്നതിനു കമ്മീഷന് ഉദ്ദേശ്യമുണ്ട്. യുവതലമുറയില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടുകയും വിവാഹേതര ബന്ധങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. കമ്മീഷനംഗം അഡ്വ. ഷിജി ശിവജി, കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസ്, കമ്മീഷന്‍ എസ്‌ഐ രമാദേവി, അഭിഭാഷകരായ സി എ ജോസ്, മീരാ രാധാകൃഷ്ണന്‍, സി ജി സേതുലക്ഷ്മി, സി കെ സുരേന്ദ്രന്‍ അദാലത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it